വൈപ്പിനിൽ നിന്ന് ഗോശ്രീ പാലം വഴി നഗരത്തിലേക്ക് ബസ്സുകൾ
വൈപ്പിൻ കരയിൽ നിന്ന് ഗോശ്രീ പാലം വഴി എറണാകുളം നഗരത്തിലേക്ക് ബസ്സുകൾ ഓടി തുടങ്ങി. ഗോശ്രീ ബസ്സുകളുടെ നഗര പ്രവേശനം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
നിലവിൽ അനുവദിച്ചിരിക്കുന്ന ബസ്സുകൾ ഉപയോഗപ്പെടുത്തി വിജയിപ്പിച്ചാൽ കൂടുതൽ ബസ്സുകൾ വൈപ്പിനിലേക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.
പത്ത് കെ.എസ്.ആർ.ടി. സി ബസുകളും നാല് പ്രൈവറ്റ് ബസുകളുമാണ് നഗരത്തിലേക്ക് പ്രവേശിക്കുന്നത്. എറണാകുളം നഗരത്തിന്റെ വിവിധ മേഖലകളിലേക്ക് വൈപ്പിനിൽ നിന്ന് ഗതാഗത സൗകര്യം ഒരുങ്ങുകയാണ് ഇതിലൂടെ. ആദ്യ ഘട്ടമായി കളമശ്ശേരി മെഡിക്കൽ കോളേജ്, വൈറ്റില, കാക്കനാട്, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്കാണ്ബസ്സുകൾ .
കെ.എസ്.ആർ.ടി. സി യിൽ ആധുനിക രീതിയിലുള്ള കുറ്റമറ്റ സംവിധാനം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. നഷ്ടം കുറച്ചു കൊണ്ടുവരാൻ സാധിച്ചു. ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം കൊടുക്കാൻ കഴിയുന്ന സാഹചര്യം ഉടൻതന്നെ സാധ്യമാകും. ആധുനിക രീതിയിലുള്ള പുതിയ ബസുകൾ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മാറ്റങ്ങളുടെ പാതയിലാണ് കെ.എസ്.ആർ ടി.സി. മൂന്നാറിൽ ആരംഭിച്ച ഡബിൾ ഡക്കർ എ.സി ബസ് വിജയകരമായി മുന്നോട്ടു പോകുകയാണ്. ഒരുമാസം പിന്നിട്ടപ്പോൾ 13,13,400 രൂപയുടെ നേട്ടം ഉണ്ടായി. മന്ത്രി പറഞ്ഞു