ബേപ്പൂരിൽ ആവേശത്തിരയിളക്കി ഡിങ്കി ബോട്ട് റേസ്

കരുത്തും ആവേശവും ചേര്‍ന്ന് തുഴപിടിച്ച നാടന്‍ തോണികളുടെ തുഴച്ചില്‍ മത്സരം ബേപ്പൂരിന്റെ ഓളപ്പരപ്പില്‍ മിന്നുന്ന പ്രകടനമായി. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിലെ ആദ്യ മത്സര ഇനമായ തദ്ദേശിയര്‍ക്കായുള്ള ഡിങ്കി ബോട്ട് റേസ് കാണികളില്‍ ആവേശമുണർത്തി . മത്സരത്തില്‍ സിദ്ദീഖ്, അബ്ദുല്‍ ഗഫൂര്‍ തുഴഞ്ഞ ബോട്ട് ഒന്നാം സ്ഥാനത്തെത്തി.സഹീര്‍ അലി, ഷറഫുദ്ദീന്‍ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. രണ്ടു പേരടങ്ങുന്ന 24 ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. 

ആറു ടീമുകളെ പങ്കെടുപ്പിച്ച് നാലു റൗണ്ടുകളിലായിരുന്നു മത്സരം. 400 മീറ്റര്‍ ട്രാക്കിലാണ് മത്സരം നടന്നത്. ഓരോ റൗണ്ടിലെയും ആദ്യ രണ്ടു സ്ഥാനക്കാരാണ് ഫൈനല്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പങ്കെടുത്തവരെല്ലാം നാട്ടുകാരായ പാരമ്പര്യ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളുമാണ്. പോലീസിന്റെയും ഫിഷറീസിന്റെയും സുരക്ഷാ വലയത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.