അഴീക്കൽ – കൊച്ചി ചരക്കുകപ്പൽ  സർവ്വീസ് തുടങ്ങി 

ഉത്തര മലബാറിൻ്റെ വികസനത്തിന് മറ്റൊരു നാഴിക കല്ലായി  അഴീക്കല്‍ തുറമുഖത്തു നിന്നുള്ള ആദ്യ ചരക്കുകപ്പല്‍ യാത്രതിരിച്ചു. തുറമുഖത്ത് നടന്ന ചടങ്ങില്‍ അഴീക്കലില്‍ നിന്നുള്ള തീരദേശ ചരക്കുകപ്പല്‍ സര്‍വീസിന്റെ ഉദ്ഘാടനവും ഫ്‌ളാഗ്ഓഫും മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിര്‍വഹിച്ചു. മലേഷ്യയിലേക്കുള്ള വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സിന്റെ എട്ടെണ്ണം ഉള്‍പ്പെടെ ഒന്‍പത് കണ്ടെയിനറുകളുമായി കൊച്ചിയിലേക്ക് പോകുന്ന റൗണ്ട് ദി കോസ്റ്റ് കമ്പനിയുടെ ഹോപ് സെവന്‍ കപ്പലാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. അഴീക്കലില്‍ നിന്ന് ചരക്കു കപ്പല്‍ സര്‍വീസ് ആരംഭിച്ചതോടെ നാടിന്റെ വികസനത്തില്‍ പുതിയൊരു ഏടിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരക്കേറിയ റോഡിലൂടെയുള്ള കണ്ടെയിനര്‍ ലോറികളില്‍ ചരക്കുകള്‍ കൊണ്ടുവരുന്നതിനു പകരം കപ്പല്‍ സര്‍വീസ്
 
 
ആരംഭിച്ചതോടെ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ചരക്കുനീക്കം എളുപ്പവും ചെലവുകറഞ്ഞതുമാവും. ചുരുങ്ങിയ ചെലവില്‍ സാധനങ്ങള്‍ എത്തിക്കാനായാല്‍ അതിന്റെ ഗുണഫലം ഉപഭോക്താക്കള്‍ക്കും ലഭിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തുറമുഖങ്ങള്‍ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള തീരത്ത് ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കാനുള്ള മാരിടൈം ബോര്‍ഡിന്റെ പദ്ധതിയുടെ ഭാഗമായി ജെഎം ബക്‌സിയുടെ നേതൃത്വത്തില്‍ മുംബൈ ആസ്ഥാനമായ റൗണ്ട് ദി കോസ്റ്റിന്റെ ചരക്കു കപ്പലാണ് അഴീക്കലില്‍ നിന്ന് കൊച്ചിയിലേക്ക് ആദ്യ സര്‍വീസ് നടത്തിയത്. ആഴ്ചയില്‍ രണ്ടു സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ ഹോപ് സെവന്‍ നടത്തുക. ജൂലൈ ഏഴിനായിരിക്കും അടുത്ത സര്‍വീസ്.

Leave a Reply

Your email address will not be published. Required fields are marked *