അരൂർ- തുറവൂർ ഉയരപ്പാത: വാഹനങ്ങൾക്ക് നിയന്ത്രണം

ആലപ്പുഴയിലെ അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും.
ഭാരവാഹനങ്ങളെ ദേശീയ പാതക്ക് പകരം വിവിധ പഞ്ചായത്തുകളുടേയും പൊതുമരാമത്ത് വകുപ്പിൻ്റേയും ഉടമസ്ഥതയിലുള്ള റോഡുകളിലൂടെ തിരിച്ച് വിടും.

എറണാകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അരൂക്കുറ്റി ബസ് സ്റ്റോപ്പിൽ നിന്ന് തിരിഞ്ഞ് തൃച്ചാറ്റുകുളം, വീരമംഗലം വഴി വന്ന് മാക്കേക്കടവിൽ നിന്ന് തിരിഞ്ഞ് തുറവൂരിലേക്ക് പോകാം. ആലപ്പുഴ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് തുറവൂർ ടി.ഡി ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് എഴുപുന്ന, കുമ്പളങ്ങി വഴി തീരദേശ പാതയിലൂടെ തോപ്പുംപടിയിലെത്തി ബി.ഒ.ടി പാലം വഴി മരടിലേക്ക് കടക്കാനാകും. ഈ റോഡുകളുടെ നവീകരണത്തിനും മറ്റുമായി എട്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കുമ്പളം ടോൾ പ്ലാസക്ക് അപ്പുറത്തേക്ക് വാഹനങ്ങളെ കടത്തിവിടില്ല. അതേസമയം തൃശ്ശൂർ ഭാഗത്ത് നിന്ന് വരുന്ന ഭാരവാഹനങ്ങളെല്ലാം അങ്കമാലിയിൽ നിന്ന് എം.സി. റോഡ് വഴി വേണം പോകാൻ. നിർമ്മാണ തൊഴിലാളികളുടേയും യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഗതാഗതക്കുരുക്ക് കുറക്കാനും കൂടിയാണിത്.

സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം, ആലപ്പുഴ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ സൈറ്റ് വിസിറ്റുകളും സുരക്ഷാ ഓഡിറ്റിംഗും നടത്താനും യോഗത്തിൽ തീരുമാനമായി. പൊതു മരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജുവിൻ്റെ അധ്യക്ഷതയിൽ എറണാകുളം ജില്ലാ കലക്ടറേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം.

എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ്, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി മോഹന ചന്ദ്രൻ, ദേശീയപാത അതോറിറ്റി റീജണൽ ഓഫീസർ ബി.എൽ മീണ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *