നയന മനോഹര കാഴ്ച്ചയൊരുക്കി ജോഗ് വെള്ളച്ചാട്ടം
എന്‍.അശോക് കുമാര്‍
കോരിച്ചൊരിയുന്ന മഴയത്തായിരുന്നു ജോഗ് ഫാൾസ് കാണാനുള്ള ഞങ്ങളുടെ യാത്ര. ഭൗമ ശാസ്ത്ര പഠന കാലത്ത് കർണ്ണാടകയിലെ ഈ വെള്ളച്ചാട്ടത്തെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടെങ്കിലും കാണാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല വേനലിൽ വരണ്ടുണങ്ങുന്ന പ്രദേശമായതിനാൽ ഇവിടെ വെളളത്തിൻ്റെ വലിയ ഒഴുക്കില്ല. മഴക്കാലത്ത് മാത്രമേ ജോഗ് വെള്ളച്ചാട്ടം നയനാന്ദകരമായ കാഴ്ച ഒരുക്കു.
ഭൗമ ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച ഞങ്ങൾ ഒമ്പതു പേരാണ് യാത്ര പോയത്. ടെമ്പൊ ട്രാവലറിലായിരുന്നു യാത്ര. കാസർകോട് നിന്ന് ഉഡുപ്പി മുരടേശ്വരം, ഹൊണ്ണാവർ വഴിയാണ് പോയത്.രാവിലെ പുറപ്പെട്ടുവെങ്കിലും മുരടേശ്വരം ക്ഷേത്രം കാണാൻ ഇറങ്ങിയതിനാൽ ജോഗ് ഫാൾ സിലെത്താൻ രാത്രിയായി. ഒരു ഹോം സ്റ്റേയിൽ ഞങ്ങൾ മൂന്ന് മുറി ബുക്ക് ചെയ്തിരുന്നു. മൂവായിരം രൂപയാണ് ഇതിൻ്റെ ചാർജ്.
രാത്രി നോൺ വെജ് വിഭവങ്ങളായിരുന്നു. മഴയും കോടമഞ്ഞും കാരണം രാത്രി നല്ല തണുപ്പായിരുന്നു. അടുത്ത ദിവസം രാവിലെ പ്രാതലിനു ശേഷം വെള്ളച്ചാട്ടം കാണാൻ യാത്രയായി.വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ദൂരെ വെളളച്ചാട്ടങ്ങൾ കാണാം. സഞ്ചാരികൾക്കായി പ്രത്യേകം കെട്ടിയുണ്ടാക്കിയ പ്ലാറ്റ് ഫോമിൽ നിന്ന് നമുക്ക് വെള്ളം ചാട്ടം കണ്ട് ആസ്വദിക്കാം.
കോടമഞ്ഞായതിനാൽ ഇടയ്ക്ക് മാത്രമെ വെള്ളച്ചാട്ടം തെളിഞ്ഞ് കണ്ടുള്ളു. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വെള്ളച്ചാട്ടമാണ് ജോഗ് ഫാൾസ്. 830 അടി ഉയരത്തിൽ നിന്നാണ് വെള്ളച്ചാട്ടം താഴേക്ക്
പതിക്കുന്നത്. ഷരാവതി പുഴയാണ് ഒഴുക്കിനിടയിൽ നാലായി പിരിഞ്ഞ് നുരഞ്ഞ് ഒഴുകി സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കുന്നത്. രാജ, റാണി, റോറർ, റോക്കറ്റ്, എന്നിങ്ങനെ നാലു വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്.
വെള്ളച്ചാട്ടം പതിക്കുന്ന കുന്നിൽ നിന്ന് 1400 പടികൾ ഇറങ്ങിയാൽ ഇതിൻ്റെ താഴ് വാരെത്തെത്താം. ശിവമോഗ ജില്ലയിലെ സാഗര താലൂക്കിലാണിത്. മൺസൂൺ കാലത്താണ് വെള്ളം നിറഞ്ഞ് വെള്ളച്ചാട്ടം കാണാൻ ഭംഗി. കാനന ഭംഗി നുകർന്ന് വെള്ളച്ചാട്ടത്തിൻ്റെ പരിസരത്ത് നടക്കാൻ രസമാണ്. ഞങ്ങൾ പോയപ്പോൾ നൂറിൽ താഴെ സഞ്ചാരികളെ ഉണ്ടായിരുന്നുള്ളു.
വെള്ളച്ചാട്ടം കഴിഞ്ഞ് ഒമ്പത് കിലോമീറ്റർ പിന്നിട്ടാൽ ഷരാവതി പുഴയിൽ അണക്കെട്ടുമുണ്ട്. ഇതിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ട്. കർണ്ണാടകയിലെ പല ഭാഗത്തുനിന്നും കർണ്ണാടക ആർ.ടി.സി അടക്കം ബസ്സുകൾ ഇവിടേക്ക് വരുന്നുണ്ട്. 266 കിലോമീറ്ററാണ് കാസർകോട് നിന്ന് ഇവിടേക്കുള്ള ദൂരം. ആറ് മണിക്കൂർ യാത്രയുണ്ട്. ഹോം സ്റ്റേ അടക്കമുള്ള താമസ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.
(ഒ.എൻ.ജി.സി യിൽ നിന്ന് ജനറൽ മാനേജരായി വിരമിച്ച ലേഖകൻ കാസർകോട് ബേത്തൂർപാറ സ്വദേശിയാണ്.)