തുറവൂർ-അരൂർ ഹൈവേ നിർമ്മാണം: ഗതാഗതം തിരിച്ചുവിട്ട് റോഡ് ടാർ ചെയ്യും

ആലപ്പുഴ തുറവൂർ മുതൽ അരൂർ വരെയുള്ള എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ പ്രവർത്തനത്തിനിടെയുള്ള ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അരൂരില്‍ നിന്ന്‌ തുറവൂർ വരെയുള്ള നിർമ്മാണ പ്രവർത്തികളുടെ കിഴക്കുഭാഗത്തെ റോഡ് ടാർ ചെയ്യും.

നിലവിൽ അരൂരില്‍ നിന്ന്‌ തുറവൂരിലേക്ക് പോകുന്ന കിഴക്കുഭാഗത്തെ റോഡാണ് ആദ്യം ടാർ ചെയ്യുക. ഇതിനായി തുടർച്ചയായ മഴ തീർന്നാലുടനെ വാഹനഗതാഗതം മൂന്നുദിവസത്തേക്ക് തിരിച്ചുവിട്ട് റോഡ് നിർമ്മാണം പൂർത്തിയാക്കും. അവധിദിവസങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിന്  തുറവൂരിൽ ചേർന്ന ദേശീയ പാത അധികൃതരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും  യോഗത്തിൽ കളക്ടർ നിർദേശം നൽകി.

റോഡ് ഗതാഗതം നിയന്ത്രിക്കുന്നത്‌ സംബന്ധിച്ച് യോഗ തീരുമാനങ്ങൾ ജില്ലയുടെ ചുമതലയുള്ള കൃഷിവകുപ്പ് മന്ത്രി പി. പ്രസാദുമായി ചർച്ച ചെയ്ത്  അന്തിമ അനുവാദം ലഭിച്ച ശേഷം നടപ്പിലാക്കുമെന്ന്  കളക്ടർ അലക്‌സ്‌ വർഗ്ഗീസ് പറഞ്ഞു.

12 കിലോമീറ്റർ വരുന്ന ഈ ഭാഗം ഒരുവശം കുഴി അടച്ച് ടാർ ചെയ്യുന്നതിന് മൂന്ന് ദിവസമാണ് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ഭാഗത്ത് കൂടുതൽ കുഴികൾ ഉള്ളത് പരിഗണിച്ചാണ് ആദ്യം ഈ ഭാഗം നന്നാക്കുന്നത്. തുടർന്ന് പടിഞ്ഞാറുഭാഗത്തെ റോഡിൻ്റെ ടാറിങ്ങും നടത്തും ഇതിനായി പിന്നീട് ഗതാഗത ക്രമീകരണം നടത്തേണ്ടി വരും.  സാധ്യമെങ്കിൽ മഴ മാറി നിൽക്കുന്ന പക്ഷം ശനിയാഴ്ചയോ ഞായറാഴ്ചയോ പണി തുടങ്ങാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് യോഗം വിലയിരുത്തി.

പാലത്തിൽ സ്ഥാപിക്കുന്നതിനുള്ള ഗർഡറുകൾ കൊണ്ടു പോകുന്ന സമയത്തും മുകളിൽ സ്ഥാപിക്കുന്ന സമയത്തും ഗതാഗതം ക്രമീകരിക്കേണ്ടി വരുമെന്ന് ദേശീയപാത അധികൃതർ പറഞ്ഞു. മുമ്പ് എടുത്ത തീരുമാനം അനുസരിച്ച് ദീർഘദൂര വണ്ടികൾ അങ്കമാലിയിൽ നിന്ന് എം.സി റോഡ് വഴിതിരിച്ചു വിടുന്നതിനുള്ള ബോർഡുകളും സൂചകങ്ങളും സ്ഥാപിച്ചിട്ടുള്ളതായി ദേശീയപാത അധികൃതർ അറിയിച്ചു.

തെക്ക് നിന്ന് വരുന്ന ദീർഘദൂര വാഹനങ്ങൾ കൊല്ലത്തുനിന്ന് എം.സി റോഡ് വഴി പോകുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ടാറിങ്ങിനായി ഗതാഗതം തിരിച്ചുവിടുമ്പോൾ ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അരൂരിൽ നിന്ന് അരൂക്കുറ്റി, പൂച്ചാക്കൽ തൈക്കാട്ടുശ്ശേരി വഴി തുറവൂരിലേക്ക് വഴി തിരിച്ചുവിടും. ഈ റോഡ് ടാറിങ് പൂർത്തിയാക്കി കഴിഞ്ഞാൽ പടിഞ്ഞാറെ ഭാഗത്തെ റോഡ് ടാർ ചെയ്യും.

ഈ സമയം  തെക്ക് നിന്ന് വരുന്ന വരുന്ന വാഹനങ്ങൾ തുറവൂരിൽ നിന്ന് ടാറിങ് പൂർത്തിയായ റോഡിലൂടെ വടക്കോട്ട് പോകുന്ന വിധത്തിലാണ്  ഗതാഗത ക്രമീകരണം തീരുമാനിച്ചിട്ടുള്ളത്. ദേശീയ പാത പ്രോജക്ട് ഡയറക്ടർ പ്രദീപ്, ദേശീയ പാത നിർമാണം വിഭാഗം ഡെപ്യൂട്ടികളക്ടർ എസ്.ബിജു, പി.വി.സജീവ്, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *