തിരുവനന്തപുരം ആക്കുളത്ത് സിനി കഫെ പാർക്ക് തുറന്നു
തലസ്ഥാന നഗര ഹൃദയത്തോട് ചേർന്ന ആക്കുളം കായലിന്റെ തീരത്ത് സിനി കഫെ തുറന്നു. പ്രകൃതിഭംഗി ആസ്വദിച്ച് സിനിമ ചർച്ചകൾക്കും വർക്ക് ഷോപ്പുകൾക്കും വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള തിരുവനന്തപുരം ആക്കുളം ബോട്ട് ക്ലബ്ബിലാണ് പാർക്ക്. സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായി.
സിനിമ സൗഹൃദ കഫെയിൽ രുചിവൈവിധ്യങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. കടൽ വിഭവങ്ങൾ, വിവിധ തരം ദോശ, ചൈനീസ്, നോർത്ത് ഇന്ത്യൻ വിഭവങ്ങൾ എന്നിവയ്ക്ക് പുറമെ സന്ദർശകരുടെ ആവശ്യാനുസരണം സിനി കഫേ സ്പെഷ്യൽ മെനുവും ഇവിടെ ലഭ്യമാണ്. ഉത്തരവാദിത്വ ടൂറിസം മിഷന്റെ
ഭാഗമായി ആർട്ട് എംപോറിയവും ഇവിടെ പ്രവർത്തിക്കും. കലാകാരന്മാർക്ക് വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കാനും കരകൗശലങ്ങളുടെ വിപണനത്തിനും അവസരമുണ്ട്. ഉദ്ഘാടന ചടങ്ങിൽ ആക്കുളം വാർഡ് കൗൺസിലർ എസ്. സുരേഷ്കുമാർ, ഡി.ടി.പി.സി സെക്രട്ടറി ഷാരോൺ വീട്ടിൽ തുടങ്ങിയവരും പങ്കെടുത്തു.