കെ.എസ്.ആർ.ടി.സിയിൽ ഓട്ടോമാറ്റിക് ബസ് വാഷിംഗ് മെഷീൻ
കെ.എസ്.ആർ.ടി.സിയിൽ ഓട്ടോമാറ്റിക്ക് ബസ് വാഷിംഗ് മെഷീൻ ഉപയോഗിച്ചു തുടങ്ങി. ലോഫ്ലോർ, ഡീലക്സ്, ലക്ഷ്വറി, സെമി ലക്ഷ്വറി ബസ്സുകൾ ഉൾപ്പെടെ വളരെ വേഗത്തിൽ കഴുകി വൃത്തിയാക്കാൻ കഴിയുന്ന ബസ് വാഷിംഗ് മെഷീൻ പരീക്ഷണാടിസ്ഥാനത്തിൽ പാപ്പനംകോട് യൂണിറ്റിലാണ് പ്രവർത്തനം തുടങ്ങിയത്.
ഡിറ്റർജൻ്റും വാട്ടർ സ്പ്രേയിംഗും ഉപയോഗിച്ച് മുന്നിലോട്ടും പിന്നിലോട്ടും ചലിപ്പിച്ച് മൂന്ന് മിനിറ്റു കൊണ്ട് ബസ്സ് ചലിപ്പിക്കാതെ തന്നെ കഴുകി വൃത്തിയാക്കാൻ സാധിക്കുന്ന തരത്തിലുള്ള ബസ് വാഷിംഗ് മെഷീനാണ് സ്ഥാപിച്ചിട്ടുള്ളത്.
വെള്ളം സ്പ്രേ ചെയ്യുന്നതിനായി രണ്ട് ലംബമായ നോസിലുകൾ, ഇടത് വശത്തും വലത് വശത്തുമായി വലിയ പോളിത്തീൻ ബ്രഷുകൾ എന്നിവ മെഷീനിൽ ഘടിപ്പിച്ചിട്ടുണ്ട്. പൂർണ്ണമായും യാന്ത്രികമായാണ് മെഷീനിൽ പ്രീ-വെറ്റിംഗ്, ഡിറ്റർജൻ്റ് സ്‌പ്രേയിംഗ്, ലോ പ്രഷർ വാഷിംഗ് സൈക്കിളുകൾ പ്രവർത്തിക്കുന്നത്.