കെ.എസ്.ആർ.ടി.സി 131 സ്വിഫ്റ്റ് ബസ്സുകൾ പുറത്തിറക്കി
മേഖല തിരിച്ച് കെ.എസ്.ആർ.ടി.സിയിൽ വികേന്ദ്രീകരണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി
ബി.എസ്-6 ശ്രേണിയിലുള്ള ബസ്സുകളുടെ സഞ്ചാരം തൽസമയം നിരീക്ഷിക്കുന്നതിന് ഐ അലർട്ട് സംവിധാനവുമുണ്ട്. തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിംഗ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബസ്സുകൾ ഫ്ലാഗ് ഓഫ് ചെയ്തു. കെ.എസ്.ആർ.ടി.സിക്ക് വലിയ തോതിൽ പുതിയ ബസ്സുകൾ വരുന്നതിന്റെ ഒരു ഘട്ടമാണ് പുതിയ ബസ്സുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേഖലാ തലത്തിൽ കോർപ്പറേഷനെ വികേന്ദ്രീകരിക്കണം എന്ന നിർദ്ദേ ശം നടപ്പാക്കേണ്ടതുണ്ട്. കോർപ്പറേഷൻ നല്ല നിലയിൽ ആക്കാൻ വികേന്ദ്രീകരണം അത്യാവശ്യമാണ്. അതിനായി എല്ലാവരും സഹകരിച്ചു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു വർഷം മുമ്പ് രൂപീകരിച്ച കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് അതിവേഗം വളർച്ചയുടെ പടവുകൾ കയറുകയാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് രണ്ടു മാസത്തിനുള്ളിൽ 113 ഇ-ബസുകൾ കെ.എസ്.ആർ.ടി.സി നിരത്തിലിറക്കുമെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരിക്കുമിത്. കിഫ്ബി ആകെ 814 കോടി കോർപ്പറേഷന് അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് ആറു മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിയുടെ ദീർഘകാലമായി ഓടിക്കൊണ്ടിരിക്കുന്ന പഴയ ബസ്സുകൾ ഭൂരിഭാഗവും മാറ്റി പകരം ആധുനിക സൗകര്യങ്ങളുള്ള പുതിയ ബസ്സുകൾ വരും – മന്ത്രി പറഞ്ഞു.
പരിപാടിയിൽ അശോക് ലെയ്‌ലാൻഡ് ബസ്സ് ഹെഡ് കെ.മോഹനൻ, എസ്.എം. കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ വൈഭവ് നാരംഗ് എന്നിവർ ചേർന്ന് പ്രതീകാത്മകമായി കൈമാറിയ ബസിന്റെ രൂപം ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ ഏറ്റുവാങ്ങി. കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്, കെ.എസ്.ആർ.ടി.സി ജോയിന്റ് എം.ഡി പ്രമോദ് ശങ്കർ, വാർഡ് കൗൺസിലർ ജി.മാധവദാസ് തുടങ്ങിയവർ പങ്കെടുത്തു.