ഒമ്പത് വർഷം കൊണ്ട് സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 6,000 കോടിയുടെ നിക്ഷേപം- മുഖ്യമന്ത്രി
ഐ.ടി. വ്യവസായത്തിന് വലിയ മുന്നേറ്റമുണ്ടാകുന്ന സാഹചര്യമാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐ.ടി കാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒമ്പതു വര്‍ഷംകൊണ്ട് 6,000 കോടി രൂപയുടെ നിക്ഷേപമാണ് സ്റ്റാര്‍ട്ടപ്പുകള്‍ മുഖേന കേരളത്തിലെത്തിയത്. 900 ലധികം ആശയങ്ങള്‍ക്ക് പ്രാരംഭഘട്ട ധനസഹായമായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ഉത്പന്നങ്ങളും സേവനങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നേരിട്ട് വാങ്ങുന്നതിനുള്ള പരിധി 20 ലക്ഷത്തില്‍ നിന്നും 50 ലക്ഷമാക്കി ഉയര്‍ത്തി. 151 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 32 കോടി രൂപയുടെ പ്രൊക്വയര്‍മെന്റ് ലഭിച്ചു.
ഐ.ടി. നിക്ഷേപകര്‍ കേരളത്തിലേക്ക് കൂടുതലായി കടന്നുവരുന്നു. സംസ്ഥാനത്ത് ഐ.ടി കയറ്റുമതി ഒരു ലക്ഷം കോടിയോട് അടുക്കുന്നു. കഴിഞ്ഞ ആഴ്ച ലുലു ഗ്രൂപ്പിന്റെ ഐ.ടി പാര്‍ക്ക് എറണാകുളത്ത് പ്രവര്‍ത്തനമാരംഭിച്ചു. മറ്റൊരു 500 കോടി രൂപയുടെ നിക്ഷേപം കൂടി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.
ഐ.ടി. മേഖലയില്‍ നിലവില്‍ ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി ഒന്നര ലക്ഷത്തോളം പേര് തൊഴിലെടുക്കുന്നുണ്ട്. 2016 മുതല്‍ ഇതുവരെ 66,000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. കേരളത്തിലെ ഐ.ടി. പാര്‍ക്കുകളിലെ കമ്പനികളുടെ എണ്ണം 702 ല്‍ നിന്നും 1,156 ആയി വര്‍ധിച്ചു. ഐ.ടി കയറ്റുമതി 34,123 കോടി രൂപയില്‍ നിന്നും 90,000 കോടി രൂപയായി. 155.85 ലക്ഷം ചതുരശ്രയടി ബില്‍റ്റപ്പ് സ്പേയ്സ് ഉണ്ടായിരുന്നത്, 223 ലക്ഷം ചതുരശ്രയടി ആയി വര്‍ധിപ്പിച്ചു- മുഖ്യമന്ത്രി പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ ഗോപന്, ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് ഡോ.എസ്. സോമനാഥ്, ഐ.ടി സെക്രട്ടറി ശ്രീറാം സാംബശിവറാവു, കേരള സ്റ്റാര്‍ട്ട് അപ് മിഷന് സി.ഇ.ഒ അനൂപ് അംബിക, സോഹോ കോര്പറേഷന് സി.ഇ.ഒ ശൈലേഷ് കുമാര്‍ ധാവേ, സഹ സ്ഥാപകരായ ശ്രീധര്‍ വെമ്പു, ടോണി ജി. തോമസ്, ആര് ആന്‍ഡ് ഡി സെന്റര്‍ പ്രിന്‍സിപ്പല്‍ റിസര്‍ച്ചര്‍ ഡോ. ജയരാജ് പോരൂര്‍, പ്രോഗ്രാം മാനേജര്‍ മഹേഷ് ബാല തുടങ്ങിയര്‍ പങ്കെടുത്തു.




















