കാസര്‍കോട് എല്‍.ബി.എസ്സിൽ യുവ സംരംഭക ഉച്ചകോടി

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും നാസ്‌കോമും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

യുവാക്കളുടെ നവീകരണ, സംരംഭകത്വ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഐ.ഇ.ഡി.സി ഉച്ചകോടി 2025. കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജുമായി സഹകരിച്ച് സംഘടിപ്പിച്ച പത്താമത് ഐ.ഇ.ഡി.സി (ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍) ഉച്ചകോടി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, കേന്ദ്ര കേരള സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ രാജേന്ദ്ര പിലാങ്കട്ട, സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ കെ.ബി. ഹെബ്ബാര്‍, കേരള ഗവണ്മെന്റ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്‌ടർ പ്രൊഫസര്‍ ഡോ. പി ജയപ്രകാശ്, എല്‍.ബി.എസ് കോളേജ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ പ്രൊഫസര്‍ ഡോ.ജെ. ജയമോഹന്‍, നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ്  സി.ഇ.ഒ ജ്യോതി ശര്‍മ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ .ഒ അനൂപ് അംബിക സ്വാഗതവും എല്‍.ബി. എസ് കോളേജ് പ്രധാനാധ്യാപകന്‍ ഡോ. ടി. മുഹമ്മദ് ഷെക്കൂര്‍  നന്ദിയും പറഞ്ഞു. ചടങ്ങില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബികയും ജ്യോതി ശര്‍മ്മയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഉദ്ഘാടന ചടങ്ങില്‍ ലാന്‍ഡിംഗ് ആന്‍ഡ് ട്രെയിനിംഗ് വെര്‍ട്ടിക്കല്‍ ആപ്പായ സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ് ‘ഫൗണ്ടേഴ്‌സ് ഹബ്ബിന്റെ’ ലോഗോ പുറത്തിറക്കി. സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ ഓരോ ഘട്ടത്തിലും പിന്തുണയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന റിസോഴ്‌സ് -നോളജ് പ്ലാറ്റ്‌ഫോമാണ് ‘ഫൗണ്ടേഴ്‌സ് ഹബ്ബ്’. ഇതിലൂടെ പ്രായോഗിക ഉള്‍ക്കാഴ്ചകള്‍, ആഗോള കാഴ്ചപ്പാടുകള്‍, വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള പഠനത്തിന്റെ വശങ്ങള്‍ എന്നിവ ഉപയോഗിച്ച് സംരംഭകരെ സജ്ജമാക്കുന്നു.

ഐ.ഇ.ഡി.സി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് 50 കാമ്പസ് ഇന്നൊവേറ്റര്‍മാരെ കൊണ്ടുപോയ ‘ഇന്നൊവേഷന്‍ ട്രെയിന്‍’ എന്ന ഹാക്കത്തോണ്‍ ശൈലിയിലുള്ള സെഷനുകളില്‍ തിരുവനന്തപുരത്തെ ലൂര്‍ദ് മാതാ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്നുള്ള ആബിദ് എസ്, തിരുവനന്തപുരം സി.ഇ.ടിയിലെ മുഹമ്മദ് റെന്‍സ് ഇക്ബാല്‍ എന്നിവര്‍ യഥാക്രമം സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടി.

കെ.എസ്യു.എമ്മിന്റെയും കെ-ഡിസ്‌കിന്റെയും സംയുക്ത സംരംഭമായ ഐ.ഇ.ഡി.സി ടാലന്റ് ആക്സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. വ്യവസായ ഉപദേഷ്ടാക്കളുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവരുന്നതും നൂതനവുമായ സാങ്കേതികവിദ്യകളില്‍ രണ്ട് മാസത്തെ നൈപുണ്യ വികസന, ത്വരിതപ്പെടുത്തല്‍ പരിപാടിയാണിത്. ആഗോള നൈപുണ്യ ദാതാക്കളായ ലിങ്ക്ഡ്ഇന്‍, കുര്‍സ എന്നിവയുമായി സഹകരിച്ചാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

നാസ സ്‌പേസ് ആപ്പ് ചലഞ്ച് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മെറ്റിയര്‍ റിസ്ലേഴ്‌സ് (റിയാന്‍ റാസ്, സക്കീല്‍ ചുങ്കത്ത്, സഞ്ജയ് വര്‍ഗീസ്, ശ്വേതിന്‍ നികേഷ് കുമാര്‍, റോഷിത് റോബര്‍ട്ട്), സെലസ്റ്റ (ജനീറ്റ കാര്‍ഡോസ്, ആതിര എസ്, അപര്‍ണ ആന്റണി, മെല്‍വിന്‍ ജോര്‍ജ്ജ് മാത്യു, അബിഷ മറിയം ബിജു, സുമിത് മുരളിധരന്‍) എന്നിവരാണ് ചലഞ്ചിലെ ആഗോള ഫൈനലിസ്റ്റുകള്‍.

ഉദ്ഘാടന സെഷനുശേഷം ‘ഐ.ഇ.ഡി.സി: കാമ്പസ് സെല്ലുകളില്‍ നിന്ന് വെഞ്ച്വര്‍ എഞ്ചിനുകളിലേക്ക് – ഭൂതകാലത്തില്‍ നിന്നുള്ള പാഠങ്ങള്‍, ഭാവിയിലേക്കുള്ള മാര്‍ഗരേഖ’ എന്ന വിഷയത്തില്‍ പാനല്‍ സെഷന്‍ നടന്നു. അനൂപ് അംബിക, ഐ.ഐ.എം.കോഴിക്കോട് പ്രൊഫസര്‍ ഡോ. സജി ഗോപിനാഥ് എന്നിവര്‍ പ്രഭാഷകരായിരുന്നു. കെ.എസ്യു.എം സീനിയര്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ മോഡറേറ്ററായി.

വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, നയരൂപകര്‍ത്താക്കള്‍, സ്റ്റാര്‍ട്ടപ് രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ഉച്ചകോടിയുടെ ഭാഗമായി. ഏഴായിരത്തോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.