വെന്‍ഷ്വര്‍ കേരളത്തില്‍ 1500 കോടിയുടെ നിക്ഷേപം നടത്തും
എംപ്ലോയര്‍ സര്‍വീസ് മേഖലയിലെ പ്രമുഖ യു.എസ് കമ്പനിയായ വെന്‍ഷ്വര്‍ കേരളത്തില്‍ 1500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. ‘മീറ്റ് ദ ഇന്‍വെസ്റ്റര്‍’ പരിപാടിയുടെ ധാരണപ്രകാരം വെന്‍ഷ്വറിന്റെ പുതിയ ഓഫീസ് തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കഴക്കൂട്ടത്തെ കിൻഫ്ര പാർക്കിലെ വെന്‍ഷ്വര്‍ ഓഫീസ് മന്ത്രി സന്ദര്‍ശിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീസും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വെന്‍ഷ്വറിന്റെ തിരുവനന്തപുരം ഓഫീസില്‍ ഇരുന്നൂറോളം പേരാണ് ജോലിചെയ്യുന്നത്. കിന്‍ഫ്ര അനുവദിച്ച രണ്ടേക്കര്‍ ഭൂമിയില്‍ ആക്സല്‍ ഇന്‍ഫിനിയം പണികഴിപ്പിച്ച ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് വെന്‍ഷ്വര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ലോകത്തെ പ്രമുഖ പ്രൊഫഷണല്‍ എംപ്ലോയര്‍ ഓര്ഗനൈസേഷന് ആയ വെന്‍ഷ്വറിനു ഒരുലക്ഷത്തിലധികം ബിസിനസ് കൂട്ടാളികളാണ് ഉള്ളത്.
ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്കാവശ്യമായ മാനവശേഷി, പേ റോള്‍, റിസ്ക് മാനേജ്മെന്റ്, ജീവനക്കാര്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍ എന്നീ സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് വെന്‍ഷ്വര്‍. പത്ത് രാജ്യങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായി കേരളത്തെ മാറ്റാനാണ് വെന്‍ഷ്വര്‍ ശ്രമിക്കുന്നത്. ആവശ്യപ്പെട്ടതിനു ശേഷം എൺപത് ദിവസങ്ങൾക്കുള്ളിൽ ഓഫീസ് സ്ഥലം ലഭ്യമാക്കാൻ കിൻഫ്രക്ക് കഴിഞ്ഞു. പ്രവർത്തനം വിപുലപ്പെടുത്താൻ കൂടുതൽ സ്ഥലം ഒരുക്കി നൽകാൻ തയ്യാറാണെന്നും കിൻഫ്ര അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി വെന്‍ഷ്വര്‍ മേധാവികളുമായി മന്ത്രി പി.രാജീവ് പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. വെന്‍ഷ്വര്‍ സി. ഇ. ഒ. അലക്സ് കൊമ്പോസ്, ശിവകുമാര്‍ എന്നിവര്‍ പുതിയ ഓഫീസിൽ മന്ത്രിയെ സ്വീകരിച്ചു. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികൾ കേരളത്തിലേക്ക് കൂടുതലായി എത്തുന്നത് സ്വാഗതാർഹമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ നിക്ഷേപാനുകൂല സാഹചര്യമാണ് ഇതിന് നിമിത്തമാകുന്നത്. ഇത്തരം സ്ഥാപനങ്ങൾക്ക് എല്ലാ സഹായവും സർക്കാർ നൽകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. Content highlights: Vensure,US based company will invest 1500 crore in Kerala