ജോയിയുടെ വി- കൺസോൾ വരുന്നു ; ആലപ്പുഴയിലെ ഗ്രാമത്തിൽ നിന്ന്
JORDAYS DESK
ആലപ്പുഴ പാതിരപ്പള്ളിക്കാരനായ ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വീഡിയോ കോണ്‍ഫറന്‍സിങ് സോഫ്റ്റ് വേർ “വി-കൺസോൾ ” ഇന്ത്യയുടെ താരമായി കഴിഞ്ഞു. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ വീഡിയോ കോണ്‍ഫറന്‍സിങ്ങിനുള്ള ഔദ്യോഗിക ആപ്പ് ഇനി വി- കൺസോളായിരിക്കും. വീഡിയോ കോൺഫറൻസിങ്ങിന് തദ്ദേശീയ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇന്നവേഷൻ ചലഞ്ചിൽ ഐ.ടി. കമ്പനിയായ ടെക്ജെൻഷ്യ വികസിപ്പിച്ച വി-കൺസോൾ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്.
ചേർത്തല ഇൻഫോപാർക്കിലാണ് ജോയ് സെബാസ്റ്റ്യൻ സി.ഇ.ഒ ആയ ടെക്ജെൻഷ്യ സോഫ്റ്റ് വേർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തിക്കുന്നത്. ഒരു കോടി രൂപയും മൂന്നു വർഷത്തേക്ക് കേന്ദ്ര സർക്കാർ ഓഫീസുകളില്‍ വീഡിയോ കോൺഫറൻസിങ്ങ് സംവിധാനമൊരുക്കാനുള്ള കരാറുമാണ് ജോയിക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. പത്ത് ലക്ഷം രൂപ വീതം വാർഷിക മെയിന്റനൻസ് ഗ്രാന്റും കിട്ടും.
1983 കമ്പനികളെ പിന്നിലാക്കി ഒന്നാമത്
ഇന്ത്യയിലെ 1983 കമ്പനികളാണ് ചലഞ്ച് ഏറ്റെടുത്ത് ആപ്പ് ഉണ്ടാക്കാൻ അപേക്ഷ നൽകിയത്. ഇതിൽ നിന്ന് 12 കമ്പനികളെ ഷോർട്ട് ലിസ്റ്റ് ചെയ്തു. ഇവയ്ക്ക് പ്രോട്ടോ ടൈപ്പ് ഉണ്ടാക്കാനായി അഞ്ചുലക്ഷം രൂപ വീതം നൽകി. തുടർന്ന് മൂന്ന് കമ്പനികളെ തിരഞ്ഞെടുത്തു. ഇവർക്ക് 20 ലക്ഷം രൂപ വീതം നൽകി. ഇതിൽ നിന്നാണ് ടെക് ജെൻഷ്യ ഒന്നാമതെത്തിയത്.
സുരക്ഷിതവും തദ്ദേശീയവുമായ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പ് ആണ് ചലഞ്ചിൽ വേണ്ടിയിരുന്നത്. സൂം ആപ്പിന് പകരം ഉപയോഗിക്കാൻ കഴിയണമെന്ന പരിശ്രമത്തിലായിരുന്നു ഞങ്ങളുടെ പ്രവർത്തനം. ഇപ്പോൾ എച്ച്.ഡി. മികവ് കിട്ടും. കോൺ ഫ്രൻസിൽ 75 പേർക്ക് പങ്കെടുക്കാം. 300 പേർക്ക് ഇത് കാണുകയും ചെയ്യാം. – ജോയ് സെബാസ്റ്റ്യൻ പറഞ്ഞു.
അതൊരു ചലഞ്ച് തന്നെയായിരുന്നു
പ്രോഡക്ട് സബ് മിഷൻ സമയത്ത് കേന്ദ്രസർക്കാർ എം പാനൽ ചെയ്ത സ്ഥാപനങ്ങളെക്കൊണ്ട് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഡിറ്റും സോഫ്റ്റ്‌വെയർ ക്വാളിറ്റി ഓഡിറ്റും നടത്തി സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമായിരുന്നു. പ്രോട്ടോടൈപ്പ് ഘട്ടത്തിൽ ഉൾപ്പെടുത്താൻ ബുദ്ധിമുട്ടിയ ഒരു പ്രധാന ഫീച്ചർ വിവിധ ഇന്ത്യൻ ഭാഷകൾക്കുള്ള സപ്പോർട്ട് ആണ്. മലയാളം ഉൾപ്പടെ എട്ട് ഇന്ത്യൻ ഭാഷകളിൽ ആണ് സോഫ്റ്റ് വെയർ വർക്ക് ചെയ്യേണ്ടത്. ഇന്റർനാഷണലൈസേഷൻ ചെയ്യാവുന്ന രീതിയിലാണ് പ്രോഡക്ട് ഡിസൈൻ ചെയ്തിരുന്നത്.
പക്ഷെ സോഫ്റ്റ് വെയറിൽ ഉപയോഗിക്കുന്ന മെസ്സേജുകളുടെയും മറ്റു സ്ട്രിങ്ങുകളുടെയും ഇന്ത്യൻ ഭാഷകളിലെ പരിഭാഷ ഉണ്ടാക്കൽ വെല്ലുവിളിയായിരുന്നു. ഗൂഗിൾ ഉണ്ടാക്കിതന്ന പരിഭാഷയിൽ പല സ്ഥലത്തും വ്യാകരണ പിശക് ഉണ്ടായിരുന്നു. ഗുജറാത്തി , മലയാളം, തമിഴ്, ബംഗാളി, ഹിന്ദി , കന്നഡ എന്നിവ ചെയ്യാൻ തുടക്കത്തിൽ തന്നെ ആളെ കിട്ടിയിരുന്നു. തെലുങ്ക് , മറാത്തി ഭാഷയ്ക്ക് ആളെ കിട്ടിയിരുന്നില്ല.
സുഹൃത്തുക്കളായ ധ്രുവ് കുമാർ പാണ്ഡ്യയും കെ. ജി. ബിജുവും കോമൾ എസ്. ജയ്സ്വാളും സുഹൃത്തുക്കളും, മേരി ഇമ്മാക്കുലേറ്റ് സ്‌കൂളിലെ സിസ്റ്റേഴ്‌സും ഒക്കെ ചേർന്നാണ് വിവിധ ഭാഷകളിലെ പരിഭാഷ ചെയ്തത്.
പഠനം മലയാളം മീഡിയത്തിൽ
മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ട ജോയി സെബാസ്റ്റ്യൻ നാട്ടിൽ ട്യൂഷനെടുത്തും മറ്റ് ജോലികൾ ചെയ്തു മാണ് പഠനത്തിനുള്ള പണമുണ്ടാക്കിയത്. പാതിരപ്പള്ളി പള്ളിക്കത്തൈയിൽ സെബാസ്റ്റ്യറ്റ്യന്റെയും മേരിയുടെയും മകനാണ്. ആലപ്പുഴ എസ്.ആർ.ആർ.എൽ .പി സ്ക്കൂൾ, പൂങ്കാവ് എസ്.സി.എം.വി.യു.പി.സ്ക്കൂൾ, മേരി ഇമാക്കുലേറ്റ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു ജോയിയുടെ വിദ്യാഭ്യാസം.
ആലപ്പുഴ എസ്.ഡി.കോളേജിൽ പ്രീഡിഗ്രിക്ക് ശേഷം ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ നിന്ന് ബി.എസ്.സി കെമിസ്ട്രി കഴിഞ്ഞ് കൊല്ലം ടി.കെ.എം. കോളേജിൽ നിന്ന് എം.സി.എ പാസ്സായി
മനസ്സിൽ എന്നും ഐ. ടി
പഠനം കഴിഞ്ഞ് കോടതിയിൽ ക്ലാർക്കായി നിയമനം കിട്ടിയെങ്കിലും ഐ.ടി മേഖലയായിരുന്നു മനസ്സിൽ. അതിനാൽ ജോലി ഉപേക്ഷിച്ച് 2000-ത്തിൽ കൊച്ചിയിലെ അവനീർ കമ്പനിയിൽ സോഫ്റ്റ് വേർ എഞ്ചിനിയറായി. ഓഡിയോ കോൺഫ്രൻസിനുള്ള സോഫ്റ്റ് വേർ നിർമ്മാണമായിരുന്നു അവിടെ. 2009 ൽ സുഹൃത്ത് ടോണി തോമസുമായി ചേർന്ന് തുടങ്ങിയ കമ്പനിയാണ് ടെക്ജെൻഷ്യ. തുടക്കം മുതൽ തന്നെ വീഡിയോ കോണ്‍ഫറന്‍സ് ആപ്പ് ഒരുക്കുന്ന ജോലിയാണ് ഏറ്റെടുത്തത്. പല വിദേശ കമ്പനികൾക്കു വേണ്ടിയും ഇത് തയ്യാറാക്കി. 2013 ൽ കമ്പനി ചേർത്തല ഇൻഫോ പാർക്കിൽ പ്രവർത്തനം തുടങ്ങി. ചേർത്തലയ്ക്കടുത്ത് ഒറ്റപ്പുന്ന എന്ന ഗ്രാമപ്രദേശത്താണ് ഇൻഫോപാർക്ക്. നഗരമല്ലാത്തതിനാൽ തുടക്കത്തിൽ ജോലിക്ക് ആളെ കിട്ടിയില്ല. അതു കൊണ്ട് നാട്ടുകാരെ തന്നെയാണ് നിയമിച്ചത്. ഇപ്പോൾ എഞ്ചിനിയർമാരടക്കം 65 പേരുണ്ട്.
ഗ്രാമത്തിന്റെ സ്വന്തം ജോയി
2009 ൽ തീരദേശത്തെ സ്വന്തം ഗ്രാമത്തിലെ ഔവർ വായനശാല പ്രസിഡണ്ടായിരിക്കെ ലൈബ്രറിക്ക് വെബ് സൈറ്റ് ഉണ്ടാക്കിയും യു ട്യൂബ് വഴി ലൈവ് ചർച്ച സംഘടിപ്പിച്ചും ജോയി നാട്ടുകാരെ അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ വീഡിയോകോണ്‍ഫറന്‍സിങ് ആപ്പിന്റെ ആദ്യരൂപം അന്നു തന്നെ വായനശാലയിൽ ഉപയോഗിച്ചിരുന്നു.
നാട്ടിലെ സാമൂഹ്യ പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലുമെല്ലാം ജോയി മുന്നിലുണ്ടായിരുന്നു. പ്രതിഭാ തീരം പദ്ധതിയുടെ വളണ്ടിയറായിരുന്നു കുറേ കാലം. സ്നേഹ ജാലകം എന്ന പാലിയേറ്റീവ് കെയറിന്റെ പ്രസിഡണ്ടായിരുന്നു. ഇതിന്റെ നേതൃത്വത്തിൽ 2014ൽ ക്ലിനിക്കൽ ലാബ് തുടങ്ങി. ജനകീയ ഭക്ഷണ ശാലയും പ്രവർത്തിക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിലും ജോയിയുടെ കമ്പനി സഹായിക്കുന്നുണ്ട്. ആലപ്പുഴ മ്യൂസിയം പദ്ധതിയുടെ ഐ.ടി. കണ്‍സല്‍ട്ടന്റുമാണ്. പൂങ്കാവ് മേരി ഇമാക്കുലേറ്റ് ഹൈസ്ക്കൂൾ അധ്യാപിക ലിൻസി ജോർജാണ് ഭാര്യ. വിദ്യാർത്ഥിനികളായ അലൻ ബാസ്റ്റിൻ ജോയ്, ജിയാ എൽസ ജോയ് എന്നിവർ മക്കളാണ്.
ReplyForward |
Wonderful story…..let all work in various sectors so that we create jobs in Kerala