വടകര ഗ്രീൻ ടെക്നോളജി സെന്ററിൽ ജലം, മണ്ണ് പരിശോധന ലാബ്

വടകര നഗരസഭയിൽ ഹരിയാലി ഹരിത കർമ്മ സേനയുടെ നേതൃത്വത്തിലുള്ള ഗ്രീൻ ടെക്നോളജി സെന്ററിൽ ജലം, മണ്ണ് പരിശോധന ലബോറട്ടറി പ്രവർത്തനം തുടങ്ങി. അഡീഷണൽ ചീഫ് സെക്രട്ടറി  ശാരദാമുരളീധരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു.

ഗ്രീൻ ടെക്നോളജി സെന്ററിൽ പല സേവനങ്ങളും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ജലം, മണ്ണ് എന്നിവയുടെ പരിശോധനയാണ് ഇതിൽ പ്രധാനം. അതോടൊപ്പം മാലിന്യ സംസ്കരണ ഉപകരണങ്ങളായ ബയോ ബിൻ , കിച്ചൺ ബിൻ, ബയോഗ്യാസ് പ്ലാന്റ്,

എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് തുടങ്ങിയവയ്ക്ക് ആവശ്യമായ സേവനങ്ങളും ജൈവ മാലിന്യങ്ങൾ വളമാക്കുന്നതിന് വേണ്ട ഇനോക്കുലവും ഇവിടെ നിന്ന് നൽകുന്നുണ്ട്.

കിണർ റീച്ചാർജ്, മഴവെള്ള സംഭരണം എന്നിവയ്ക്കുള്ള സംവിധാനമൊരുക്കുന്ന വാട്ടർ ക്ലിനിക്, അഗ്രി ക്ലിനിക്, ബയോഗ്യാസ് പ്ലാന്റ് റിപ്പയർ, എൽ.ഇ.ഡി ബൾബ് റിപ്പയർ, സോളാർ പാനൽ സ്ഥാപിക്കാനുള്ള സാങ്കേതിക സഹായം എന്നിവയും ഇവിടെ ലഭിക്കും.

കൂടാതെ ഊർജ്ജസംബന്ധമായ എല്ലാ സാങ്കേതിക ഉപദേശങ്ങൾക്കുമായുള്ള എനർജി ക്ലിനിക്, വ്യവസായ വകുപ്പ്, എൻജിനീയറിങ് കോളേജ് പോളിടെക്നിക്ക് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ സാങ്കേതിക സഹായം നൽകുന്ന പ്രോജക്ട് ക്ലിനിക്ക്, പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം തുണി കൊണ്ടുള്ള ബദൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന അപ് സൈക്ലിങ്ങ് ക്ലിനിക്ക് എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

സോളാർ ടെക്നീഷ്യൻ കോഴ്സ്, കിണർ റീചാർജിങ് ആൻഡ് പ്ലംബിങ്, എൽ.ഇ.ഡി ബൾബ് , ബി.എൽ.ഇ.ഡി ഫാൻ നിർമ്മാണവും റിപ്പയറിംഗും , കാർഷിക നേഴ്സറി നിർമ്മാണവും ബഡ്ഡിങ് ഗ്രാഫ്റ്റിംഗ് ലെയറിങ് പരിശീലനവും, ഫാഷൻ ടെക്നോളജി, ടൈലറിങ്, കൂൺകൃഷി, തേനീച്ച വളർത്തൽ തുടങ്ങി തൊഴിൽ അന്വേഷകർക്ക് ആവശ്യമായ കോഴ്സുകളും ഇവിടെ നൽകാൻ ഉദ്ദേശിക്കുന്നു. പ്രൊജക്റ്റർ, ഓഡിയോ, ഭക്ഷണസൗകര്യം ഉൾപ്പെടെ 50 പേർക്ക് ഇരിക്കാവുന്ന എയർകണ്ടീഷൻ ചെയ്ത ട്രെയിനിങ് ഹാളും ഇവിടെയുണ്ട്.

ഉദ്ഘാടന യോഗത്തിൽ പയ്യോളി നഗരസഭ ചെയർമാൻ ഷഫീക് തെക്കയിൽ, വില്യാപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കെ ബിജുള, ചോറോട് പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ വിജയി. പി, സജീവ് കുമാർ, പ്രജിത എ.പി, ബിജു, സിന്ധു പ്രേമൻ, നവകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പ്രകാശ്. പി, ഹരിയാലി ഹരിതകർമ്മസേന കോർഡിനേറ്റർ മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ കെ. വനജ സ്വാഗതവും നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *