ഇടുക്കി തൊട്ടിയാർ ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിച്ചു

കേരളത്തിലെ വൈദ്യതി മേഖലയിൽ പ്രകൃതി സൗഹൃദ സുസ്ഥിര വികസനമാണ് സർക്കാർ ലക്‌ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2040 ഓടെ കേരളത്തെ സമ്പൂര്‍ണ്ണ പുനരുപയോഗ ഊര്‍ജ്ജ അധിഷ്ഠിത സംസ്ഥാനമാക്കി മാറ്റാനുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ കേരളത്തിന് പ്രതിദിനം ഏകദേശം 4,500 മുതല്‍ 5,000 മെഗാ വാട്ട് വൈദ്യുതി ആവശ്യമുണ്ട്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് ആവശ്യകത 5,700 മെഗാവാട്ടിനു മുകളില്‍ പോയി. അഭ്യന്തര ഉൽപാദനത്തെ മാത്രം ആശ്രയിക്കാൻ കഴിയാത്ത സാഹചര്യമാണ്.

തൊട്ടിയാർ പദ്ധതിക്കുപുറമെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 48.55 മെഗാവാട്ട്  സ്ഥാപിത ശേഷിയുള്ള ജലവൈദ്യുത പദ്ധതികളും 910 മെഗാവാട്ട്  ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതികളും പുതുതായി നടപ്പാക്കിയിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന  വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് 2030 ഓടുകൂടി സ്ഥാപിത ശേഷി 10,000 മെഗാവാട്ട്  ആയി ഉയര്‍ത്തുന്നതിനാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് – മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരുന്നു. ലോവർ പെരിയാർ ജലവൈദ്യുതപദ്ധതി അങ്കണത്തിലായിരുന്നു ഉദ്ഘാടനം.

40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതിയില്‍‍ പെരിയാറിന്റെ കൈവഴിയായ ദേവിയാറിലെ ജലമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.30 മെഗാവാട്ടും10 മെഗാവാട്ടും ശേഷിയുള്ള രണ്ട് വൈദ്യുത ജനറേറ്ററുകളാണ് തൊട്ടിയാര്‍‍ ജലവൈദ്യത പദ്ധതിയിലുള്ളത്. 99 ദശലക്ഷം ‍യൂണിറ്റ് വൈദ്യുതിയാണ് പ്രതിവര്‍‍ഷം ഈ നിലയത്തില്‍‍ നിന്നും ലഭ്യമാവുക.

വാളറഎന്ന സ്ഥലത്ത് ദേവിയാറിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന തടയണയും അനുബന്ധ ജലാശയവുമാണ് ഈ പദ്ധതിയുടെ ഊര്‍‍ജ്ജ സ്രോതസ്സ്. 222 മീറ്റര്‍ നീളവും ഏഴര മീറ്റര്‍ ഉയരവുമുള്ള  തടയണയുടെ സഹായത്തോടെ സംഭരിച്ചിരിക്കുന്ന ജലം 60 മീറ്റര്‍ നീളമുള്ള കനാലിലൂടെയും തുടര്‍ന്ന് 199 മീറ്റര്‍ നീളമുള്ള ടണലിലൂടെയും പ്രവഹിച്ചാണ് 1252 മീറ്റര്‍ നീളമുള്ള  പെന്‍‍സ്റ്റോക്കിലേക്കെത്തുന്നത്.

474.3 മീറ്റര്‍ ഉയരത്തില്‍ നിന്നും പെന്‍സ്റ്റോക്കിലൂടെ അതിശക്തിയായി പ്രവഹിക്കുന്ന ജലം പവര്‍ ഹൗസിലെ വെര്‍‍ട്ടിക്കല്‍ ഷാഫ്റ്റ് പെല്‍ട്ടണ്‍‍ ടര്‍‍ബൈനുകളെ ചലിപ്പിക്കുന്നു. പെരിയാറിന്റെ തീരത്ത് ദേവികുളം താലൂക്കിലെ മന്നാകണ്ടം വില്ലേജില്‍‍ നീണ്ടപാറ എന്ന സ്ഥലത്താണ് തൊട്ടിയാര്‍‍ പവര്‍‍ ഹൗസ് സ്ഥാപിച്ചിരിക്കുന്നത്.

ഉത്പാദനം കഴിഞ്ഞുള്ള ജലം പെരിയാറിലേക്ക് തന്നെ ഒഴുക്കിവിടുന്ന തരത്തിലാണ് നിര്‍മ്മാണം.188 കോടി രൂപയാണ് തൊട്ടിയാര്‍ പദ്ധതിയുടെ ആകെ നിര്‍‍മ്മാണച്ചെലവ്.  തൊട്ടിയാറിലെ രണ്ട് ജനറേറ്ററുകളില്‍‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി 11 കെ.വി. / 220 കെ.വി. ട്രാന്‍‍സ്ഫോര്‍‍മറുകളിലൂടെ കടന്ന് സ്വിച്ച് യാര്‍‍ഡിലേക്കെത്തുകയും തുടര്‍ന്ന് ലോവര്‍ പെരിയാര്‍-ചാലക്കുടി 220 കെ.വി. ലൈനിലേക്ക് പ്രവഹിക്കുകയും ചെയ്യുന്നു.

നിര്‍‍മ്മാണം അവസാനഘട്ടത്തിലെത്തി നില്‍‍ക്കുന്ന 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍‍ വിപുലീകരണ പദ്ധതികൂടി ഉടന്‍ പ്രവര്‍‍ത്തന- ക്ഷമമാകുന്നതോടെ കേരള ഗ്രിഡിലേക്ക് 100 മെഗാവാട്ട് വൈദ്യുതിയാണ് പുതുതായി എത്തിച്ചേരുക.

Leave a Reply

Your email address will not be published. Required fields are marked *