കിൻഫ്ര പാർക്കിലെ കെട്ടിടം ടാറ്റ എലെക്സിക്ക് കൈമാറി

തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്കിൽ നിർമ്മിച്ച കെട്ടിടം ടാറ്റ എലെക്സിക്ക് കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്ക് പോസ്റ്റിൽ അറിയിച്ചു. ടാറ്റ എലെക്സി ഐ.ടി ബിസിനസ്സും ഗവേഷണ വികസന സൗകര്യങ്ങളും കേരളത്തിൽ വിപുലീകരിക്കുന്നതിനായി കിൻഫ്രയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു.

67 കോടി രൂപ ചെലവിൽ 2.17 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒമ്പത് നിലകളുള്ള കെട്ടിട സമുച്ചയമാണ് കിൻഫ്ര നിർമ്മിച്ചിരിക്കുന്നത്. ഐ.ടി, ഐ.ടി.ഇ.എസ് സ്ഥാപനങ്ങൾ സുഗമമായി പ്രവർത്തിക്കുന്നതിന് എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്കുന്ന  കെട്ടിടം ഗ്രീൻ ബിൽഡിംഗ് ആശയം അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചത്.

ഇതുവഴി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2500 പേർക്ക് നേരിട്ടും 1500 ഓളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ടാറ്റ എലെക്സി ഓരോ വർഷവും എണ്ണൂറിലധികം പുതിയ ബിരുദധാരികളെ റിക്രൂട്ട് ചെയ്യുന്നുമുണ്ട്.

ആരോഗ്യ മേഖല കമ്മ്യൂണിക്കേഷൻസ്, ട്രാൻസ്പോർട്ടേഷൻ എന്നീ മേഖലകളിലും എലെക്സി വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി, മൊബിലിറ്റി എന്നീ മേഖലകളിൽ ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനങ്ങൾ  നല്കി വരുന്നു.

വാഹന നിർമ്മാണ മേഖലയിൽ ജാഗ്വാർ, ലാൻഡ് റോവർ, മെഴ്സിഡസ് ബെൻസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ സംരംഭങ്ങളുമായും ടാറ്റ എലെക്സി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *