സിസ്‌ട്രോം ഇലക്ട്രോണിക് നിര്‍മ്മാണ കേന്ദ്രം തിരുവനന്തപുരത്ത്
ഇന്ത്യയിലെ ടെലികോം, നെറ്റ് വര്‍ക്കിങ് ഉത്പന്ന മേഖലയിലെ പ്രമുഖ നിര്‍മ്മാതാക്കളായ സിസ്‌ട്രോം ടെക്‌നോളജീസ് കേരളത്തിലെ ഇലക്ട്രോണിക് നിര്‍മ്മാണ കേന്ദ്രം തിരുവനന്തപുരത്ത് തുറന്നു.
ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി നൂറു കോടി രൂപയിലധികം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച അത്യാധുനിക ഫാക്ടറി കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലാണ്.
നിര്‍മ്മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ടെസോള്‍വ് സ്ഥാപകനും ടാറ്റ ഇലക്ട്രോണിക്സിന്റെ (OSAT യൂണിറ്റ്) മുന്‍ സി.ഇ.ഒ.യുമായ പി രാജമാണിക്യം, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി, ഇന്‍ഡസ്ട്രിയല്‍ ഡയറക്ടര്‍ ഹരികിഷോര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
അത്യന്താധുനിക ടെലികോം, നെറ്റ് വര്‍ക്കിങ് ഉത്പന്നങ്ങളുടെ നിര്‍മ്മാണകേന്ദ്രം ആരംഭിച്ചതിലൂടെ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമത്തിൽ കേരളത്തിനും ഒരു സുപ്രധാന സ്ഥാനം ലഭിക്കുകയാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.
ഒപ്പം തന്നെ വ്യവസായ മേഖലയിലെ കുതിച്ചു ചാട്ടത്തിനും സിസ്‌ട്രോമിന്റെ ഈ ചുവട് വെയ്പ്പ് കാരണമാകും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഉത്പാദനം നാലിരട്ടിയാകുമെന്ന കമ്പനിയുടെ പ്രഖ്യാപനം കേരളത്തിലുള്ള നിക്ഷേപകരുടെ വിശ്വാസം പ്രകടമാക്കുന്നതാണ്. ഇത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളര്‍ച്ചക്ക് മുതൽക്കൂട്ടാകുന്നതിനും സഹായകമാകുെമെന്നും മന്ത്രി അറിയിച്ചു.