ജലസംരക്ഷണത്തിനായി കേരളത്തിൽ അടിയണകൾ വേണം

ശശിധരൻ മങ്കത്തിൽ

കേന്ദ്ര ഭൂജല ബോർഡ് കർണ്ണാടക – ഗോവ മേഖലാ ഡയരക്ടർ വി.കുഞ്ഞമ്പു വിരമിച്ചു

കേരളത്തിൽ വേനൽക്കാലത്ത് ഭൂജലസംരക്ഷണത്തിനായി അടിയണകൾ (ഭൂഗർഭ അണക്കെട്ട് – Sub surface dam) ആവശ്യമാണെന്ന് കേന്ദ്ര ഭൂജല ബോർഡിൻ്റെ കർണ്ണാടക – ഗോവ മേഖലാ ഡയരക്ടർ വി.കുഞ്ഞമ്പു പറഞ്ഞു. മലയോര മേഖലയിലെ ചെറിയ ചരിവുള്ള പ്രദേശങ്ങളിലും തോടുകളിലും അടിയണകൾ കെട്ടിയുണ്ടാക്കാം.

പാലക്കാട് ബാവാജി നഗറിലെ അടിയണ

കേരളത്തിൻ്റെ പല ഭാഗങ്ങളിലും ഭൂജലബോർഡ് നിർമ്മിച്ച അടിയണങ്ങൾ വൻ വിജയമാണെണും അദ്ദേഹം പറഞ്ഞു. മേഖലാ ഡയരക്ടർ സ്ഥാനത്തു നിന്ന് വിരമിക്കുന്ന വേളയിൽ ബെംഗളൂരു ഓഫീസിൽ നിന്ന് ‘ജോർഡെയ്സി’ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേനലിൽ ചരിവുള്ള പ്രദേശങ്ങളിൽ നിന്ന് ഭൂഗുരുത്വം മൂലവും ബാഷ്പീകരണം വഴിയും മൺപാളിയിലെ ജലം വാർന്നു പോകും. മഴക്കാലത്ത് മണ്ണിൽ സംഭരിക്കപ്പെട്ട വെള്ളമെല്ലാം ഇങ്ങനെ നഷ്ടമാകും.

ചരിവുള്ള സ്ഥലങ്ങളിൽ ഭൂമിക്കടിയിലേക്ക് ഒരു മീറ്റർ താഴ്ത്തി പണിയുന്ന തടയണയാണ് അടിയണ. ഒന്നര-രണ്ട് മീറ്റര്‍ വീതിയുണ്ടാകും. മുമ്പ് കല്ലുകെട്ടി സിമൻ്റിട്ടാണ് ഇത് പണിതിരുന്നത്. ഇപ്പോൾ സിൽപോളിൻ ഷീറ്റ് താഴ്ത്തി അതിനകത്ത് മണ്ണ് നിറച്ചാണ് അടിയണ ഉണ്ടാക്കുന്നത്. വേനലിൽ വറ്റിപ്പോകുന്ന ചെറിയ പുഴകളിലും അടിയണ പണിയാം. ഇത് തൊട്ടടുത്ത പ്രദേശങ്ങളിലെ ജലക്ഷാമം അകറ്റും. തിരുവനന്തപുരത്തെ മാമ്പഴക്കര, കൊല്ലം സദാനന്ദപുരം, കോട്ടയം നീഴൂർ, പാലക്കാട് അലനല്ലൂർ, ബാവാജി നഗര്‍ എന്നിവിടങ്ങളിൽ ഭൂജലബോർഡ് അടിയണ നിർമ്മിച്ചിട്ടുണ്ട്. ചരിവുള്ള വലിയൊരു ഭൂപ്രദേശത്തെ ഭൂജലവും അതുവഴി പച്ചപ്പും നിലനിർത്താൻ ഇത് സഹായിക്കും. ബജറ്റിനനുസരിച്ച് ചെറുതും വലുതുമായ തടയണകൾ ഉണ്ടാക്കാം. രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാക്കുന്ന മലയോര 

പ്രദേശങ്ങളിൽ ഇത്തരം തടയണകൾ ആവശ്യമാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ കാര്യത്തിൽ മുൻ കൈ എടുക്കേണ്ടതുണ്ടെന്നും വി.കുഞ്ഞമ്പു പറഞ്ഞു. 34 വർഷം പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. ഭൂജല സംരക്ഷണത്തിനും പോഷണത്തിനുമായി കേരളത്തിൽ ഒട്ടേറെ കേന്ദ്ര പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

കാസർകോട് ജില്ലയിലെ ചെമ്മനാടിനടുത്ത അണിഞ്ഞ സ്വദേശിയാണ്. കാസർകോട് ഗവ.കോളേജിൽ നിന്ന് ബി.എസ്സ്.സിക്കും എം.എസ്.സിക്കും റാങ്ക് നേടി 1987ലാണ് കേന്ദ്ര ഭൂജല ബോർഡിൻ്റെ ചെന്നൈ ഓഫീസിൽ ജൂനിയർ ഹൈട്രോ ജിയോളജിസ്റ്റായി (സയൻ്റിസ്റ്റ്- ബി) ചേർന്നത്. തമിഴ്നാട്ടിൽ വരൾച്ചാബാധിത പ്രദേശങ്ങളിൽ ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.1996 മുതൽ തിരുവനന്തപുരം മേഖലാ ഓഫീസിൽ പ്രവർത്തിച്ചു. കേരളത്തിലെ വരൾച്ചാ പ്രദേശങ്ങളിൽ ഭൂജല

പോഷണത്തിനുള്ള പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചു. ഭൂജല സംരക്ഷണത്തിനായി അടിയണ ഉണ്ടാക്കുന്നതിനും പദ്ധതികൾ ആവിഷ്ക്കരിച്ചു. ലോകബാങ്കിൻ്റെ ഹൈട്രോളജി പ്രോജക്ടിൻ്റെ ഭാഗമായി ഭൂജലം കണ്ടെത്തുന്നതിനുള്ള ആധുനിക സാങ്കേതിക വിദ്യയെക്കുറിച്ച് നെതർലാൻ്റ്സിൽ പരിശീലനം നേടിയിട്ടുണ്ട്.

ഛത്തീസ്ഗഡിലെ റായ്പൂരിൽ രാജീവ് ഗാന്ധി നാഷണൽ ഗ്രൗണ്ട് വാട്ടർ ട്രെയിനിങ്ങ് ആൻ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാക്കൽട്ടിയായി മൂന്നു വർഷം പ്രവർത്തിച്ചു. ഇന്ത്യയിലെ ഭൂജല വിദഗ്ധർക്ക് പരിശീലനം നൽകുന്ന കേന്ദ്രമാണിത്. ഇവിടെ പരിശീലനത്തിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കി. 2014 മുതൽ കേരളം – ലക്ഷദ്വീപ് മേഖലാ ഡയരക്ടറായി തിരുവനന്തപുരം മേഖലാ ഓഫീസിൽ പ്രവർത്തിച്ചു. പിന്നീട് കർണ്ണാടക മേഖലാ ഡരകടറായി. അന്താരാഷ്ട്ര ജേണലുകളിലടക്കം വിവിധ വിഷയങ്ങളിലായി 21 പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരേതരായ വി.കണ്ണൻ്റെയും വി. പാട്ടി അമ്മയുടെയും മകനാണ്. പി.വി.അനിതയാണ് ഭാര്യ. മകൾ ഡോ. മൃദുല എ.കെ. ( ഹുബ്ലി കർണ്ണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഓഫ്ത്താല്‍മോളജി പി.ജി വിദ്യാർത്ഥിനി )

Leave a Reply

Your email address will not be published. Required fields are marked *