ഓണത്തിന് കാൽ ലക്ഷം വീടുകളിൽ സൗരോർജ്ജം ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി.
ഓണത്തിന് സംസ്ഥാനത്തെ കാൽ ലക്ഷം വീടുകളിൽ സൗരോർജ്ജമെത്തിക്കാൻ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി.
ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽത്തന്നെ ഉല്പാദിപ്പിക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്.
കുറഞ്ഞ കാലയളവിനുള്ളിൽ കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കെ.എസ്.ഇ.ബി പ്രത്യേക പ്രചാരണം ആരംഭിച്ചതായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. ഇതിനായി കെ.എസ്.ഇ.ബി. സെക് ഷൻ ഓഫീസുകൾ വഴി രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് ഇ – കിരൺ പോർട്ടൽ വഴി സ്വയം രജിസ്‌ട്രേഷൻ നടത്താം.
പദ്ധതി വഴി 2023 മാർച്ചിനകം 200 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുകയാണു കെ.എസ്.ഇ.ബിയുടെ ലക്ഷ്യം. സെപ്റ്റംബർ ആദ്യ വാരത്തിനുള്ളിൽ 100 മെഗാവാട്ട് വൈദ്യുതി ഉത്പാദനം സാധ്യമാക്കുന്നതിനാണ് പ്രത്യേക കാമ്പയിൻ നടപ്പാക്കുന്നത്.
കെ.എസ്.ഇ.ബി, അനെർട്ട് എന്നിവയെയാണ് സംസ്ഥാനത്ത് സൗര പദ്ധതി നടപ്പാക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. രണ്ടു ഏജൻസികളിലൂടെയും ഇതുവരെ 14,000 വീടുകളിൽ പദ്ധതി നടപ്പാക്കി. 40 മെഗാവാട്ട് വൈദ്യുതിയാണ് ഇതുവഴി ഉല്പാദിപ്പിക്കാനാവുക.
കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിലേക്ക് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണു ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. പുരപ്പുറത്ത് ലഭ്യമായ സ്ഥലം, വെയിൽ ലഭ്യത തുടങ്ങിയവ നിർണായകമാണ്. മൂന്നു കിലോവാട്ട് വരെ 40 ശതമാനവും മൂന്നു മുതൽ 10 കിലോവാട്ട് വരെ 20 ശതമാനവും ഗുണഭോക്താവിന് സബ്‌സിഡി ലഭിക്കും. ചെലവാകുന്ന തുകയിൽ സബ്‌സിഡി ഒഴികെയുള്ള തുക മാത്രം ഗുണഭോക്താവ് നൽകിയാൽ മതി.
ശരാശരി രണ്ടു കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള സോളാർ പാനലുകളാണു വീടുകളിൽ സ്ഥാപിക്കുന്നത്. ഒരു കിലോവാട്ട് (നാലു യൂണിറ്റ്) വൈദ്യുതി ഉദ്പാദിപ്പിക്കാൻ 100 ചതുരശ്രയടി സ്ഥലം ആവശ്യമാണ്. ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതിയിൽ കൂടുതൽ ഉല്പാദിപ്പിക്കുകയാണെങ്കിൽ അധിക വൈദ്യുതി കെ.എസ്.ഇ.ബി ക്ക് നൽകാം.
ഒക്ടോബർ – സെപ്തംബർ വരെയുള്ള സൗരവർഷം കണക്കാക്കി അധികം വരുന്ന വൈദ്യുതിക്ക് കെ.എസ്.ഇ.ബി. പണം നൽകും. നിലവിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ച പ്രകാരം യൂണിറ്റിന് 3.22 രൂപയാണ് ഉടമസ്ഥന് ലഭിക്കുക.
വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി, അനർട്ട് എന്നിവയിലൂടെ ഇതുവരെ 90,000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ekiran, buymysun എന്നീ പോര്‍ട്ടലുകള്‍ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. വിവരങ്ങൾക്ക് 1912, 1800 425 1803 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
A good project….But will KSEB be able to turn it around….Very doubtful seeing it’s past performance….