തൃശ്ശൂരിൽ റോബോട്ടിക്സ് പാർക്ക് സ്ഥാപിക്കും

റോബോട്ടിക്സ് സംരംഭങ്ങൾക്ക് ധനസഹായം
5 സ്റ്റാർട്ടപ്പ് കമ്പനികളിൽ കെ.എസ്.ഐ.ഡി.സി നിക്ഷേപം നടത്തും

റോബോട്ടിക്സ് മേഖലയിൽ കേരളത്തിൻ്റെ കുതിപ്പിന് വഴിയൊരുക്കാൻ അഞ്ചിന പരിപാടിയുമായി വ്യവസായ വകുപ്പ്. തൃശൂരിൽ റോബോട്ടിക്സ് പാർക്ക്  സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശവുമായി സംരംഭകർ സമീപിച്ചിട്ടുണ്ട്. വ്യവസായ പാർക്കിൻ്റെ പദവിയോടെ ആദ്യ റോബോട്ടിക്സ് പാർക്കായി ഇതിനെ രൂപപ്പെടുത്തുന്നതിന് വ്യവസായവകുപ്പ് സഹായം നൽകും.

കൂടുതൽ മൂലധന നിക്ഷേപമാവശ്യമുള്ള റോബോട്ടിക്സ് മേഖലയിൽ കമ്പനികളുടെ വളർച്ചക്കാവശ്യമായ ധനസഹായം കെ.എസ്.ഐ. ഡി.സി മുഖേന ഉറപ്പാക്കും. റോബോട്ടിക്സ് സ്റ്റാർട്ടപ്പുകളിൽ ഈ വർഷം അഞ്ച് കമ്പനികളിൽ കെ.എസ്. ഐ.ഡി.സി ഇക്വിറ്റി നിക്ഷേപം നടത്തും. കൊച്ചിയിൽ നടന്ന റോബോട്ടിക്സ് റൗണ്ട് ടേബിളിൻ്റെ സമാപനച്ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവാണ് പ്രഖ്യാപനം നടത്തിയത്.

കൂടുതൽ ഫാബ് ലാബുകൾ, വർക്കിംഗ് ഏരിയ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സ്റ്റാർട്ടപ്പ് മിഷൻ പദ്ധതി തയ്യാറാക്കും. വ്യവസായ വകുപ്പിൻ്റെ പിന്തുണയും ഉറപ്പാക്കും. റോബോട്ടിക്സ് സംരംഭങ്ങളുടെ ദേശീയ, അന്തർദേശീയ വിപണി ഉറപ്പാക്കുന്നതിന് ഓൺലൈൻ സൗകര്യമുൾപ്പെടെയുള്ള പിന്തുണ നൽകും. പുതിയ വ്യവസായ നയത്തിൽ പ്രഖ്യാപിച്ച 18 ഇൻസൻ്റീവുകളും റോബോട്ടിക്സ് സംരംഭങ്ങൾക്കും ലഭ്യമാക്കും.

റോബോട്ടിക്സ് മേഖലക്കാവശ്യമായ നൈപുണി ഉറപ്പാക്കാൻ സാങ്കേതിക സർവ്വകലാശാല, അസാപ്പ് എന്നിവയുടെ സഹകരണത്തോടെ പരിശീലന പദ്ധതി തയ്യാറാക്കും. സ്റ്റാർട്ടപ്പുകൾക്ക് കെ.എസ്.ഐ.ഡി.സി നൽകുന്ന ഒരു കോടിയുടെ സ്കെയിൽ അപ്പ് ലോൺ റോബോട്ടിക്സ് സംരംഭങ്ങൾക്ക് 2 കോടി ആയി ഉയർത്തും. ഓർഡറിന് അനുസൃതമായി വായ്പ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും കെ.എസ്. ഐ.ഡി.സി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *