ഡ്രോൺ പറന്നു പൊങ്ങി മരുന്നു തളിച്ചു; കാണാൻ വിദേശ ശാസ്ത്രജ്ഞരും

കർഷകരും ശാസ്ത്രജ്ഞരും നോക്കിനിൽക്കെ ഡ്രോൺ പറന്നു പൊങ്ങി റബ്ബറിന് മരുന്ന് തെളിച്ച് താഴെയിറങ്ങി വന്നു. കോട്ടയം ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള മരുന്നു തളി പ്രദർശിപ്പിച്ചത്. റബ്ബർ മരങ്ങളിലെ രോഗബാധ നിയന്ത്രിക്കുന്നതിന് ഡ്രോണുകൾ ഉപയോഗിച്ച് മരുന്ന് തളിക്കുന്നതിനുള്ള സാധ്യത പഠിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ഡ്രോണുകളുടെ പ്രദർശനം നടത്തിയത്. ശ്രീലങ്ക, തായ്ലാൻഡ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെയും കർഷകരുടെയും സാന്നിദ്ധ്യത്തിലാണ് പ്രദർശനം നടത്തിയത്.

റബ്ബറിനെ ബാധിക്കുന്ന ഇലപ്പൊട്ടുരോഗത്തെ പ്രതിരോധിക്കുന്നതിനായി ‘ന്യൂ കൊളെറ്റോട്രിക്കം സർക്കുലർ ലീഫ് സ്‌പോട്ട് ഡിസീസ് ഐഡന്റിഫിക്കേഷൻ ആന്റ് മാനേജ്‌മെന്റ്’ എന്ന വിഷയത്തിൽ റബ്ബർബോർഡും മലേഷ്യ ആസ്ഥാനമായ ഇന്റർനാഷണൽ റബ്ബർ റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ബോർഡും (ഐ.ആർ.ആർ.ഡി.ബി.) സംയുക്തമായി സംഘടിപ്പിച്ച ശില്പശാലയുടെ ഭാഗമായാണ് ഡ്രോണുകളുടെ പ്രദർശനം നടത്തിയത്. ഡ്രോണുകളിൽ കുമിൾനാശിനിക്ക് പകരം വെള്ളം നിറച്ചാണ് പ്രതീകാത്മകമായി പ്രദർശനം നടത്തിയത്.

ഡ്രോണുകളുടെ ഉപയോഗം സംബന്ധിച്ച് രാജ്യത്തുള്ള നിയമങ്ങൾക്ക് അനുസൃതമായി അവയെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ രോഗപ്രതിരോധനടപടികൾ എളുപ്പമാകും എന്നാണ് റബ്ബർ ഗവേഷണകേന്ദ്രം പ്രതീക്ഷിക്കുന്നത്. ഇലപ്പൊട്ടുരോഗത്തിന്റെ ലക്ഷണങ്ങൾ, രോഗഹേതുവായ കുമിൾ, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായ പാനൽചർച്ചകളും ക്ലാസ്സുകളും ശില്പശാലയിൽ ഉണ്ടായിരുന്നു. വിവിധ രോഗപ്രതിരോധപ്രവർത്തനങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനായി ശില്പശാലയിൽ പങ്കെടുത്തവർ റബ്ബർ ഗവേഷണകേന്ദ്രത്തിന്റെ കീഴിൽ ചേത്തക്കലുള്ള കേന്ദ്ര ഫീൽഡ് സ്റ്റേഷൻ സന്ദർശിച്ചു.

രോഗ പ്രതിരോധത്തിന് ഉപയോഗിക്കാൻ കഴിയുന്ന വിവിധ സ്‌പ്രേയറുകൾ, കുമിൾനാശിനികൾ എന്നിവയുടെ പ്രദർശനവും ശില്പശാലയുടെ ഭാഗമായി ഉണ്ടായിരുന്നു. അഞ്ചുദിവസത്തെ ശില്പ ശാലയുടെ സമാപനസമ്മേളനത്തിൽ ഐ.ആർ.ആർ.ഡി.ബി സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഡോ. എം.ഡി. ജെസ്സി (ഡയറക്ടർ-റിസർച്ച് – ഇൻ ചാർജ്ജ്, ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം, ഡോ. ഷാജി ഫിലിപ്പ് (പ്രിൻസിപ്പൽ സയന്റിസ്റ്റ്, ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം) എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *