പെരുമ്പളം ദ്വീപ് പാലം പണി പുരോഗമിക്കുന്നു
ആലപ്പുഴ പെരുമ്പളം ദ്വീപിലെ ജനങ്ങളുടെ സ്വപ്ന പദ്ധതിയായ പെരുമ്പളം പാലത്തിന്റെ നിര്‍മാണം അതിവേഗത്തില്‍
പുരോഗമിക്കുന്നു, ആദ്യ സ്ലാബ് വാര്‍ക്കല്‍ പൂര്‍ത്തിയായ പാലത്തിന്റെ പ്രവൃത്തികള്‍ വിലയിരുത്താന്‍ ദലീമ ജോജോ എം.എല്‍.എ. സ്ഥലം സന്ദര്‍ശിച്ചു. കെ.ആര്‍.എഫ്.ബി.യുടെ എന്‍ജിനീയര്‍മാര്‍ക്കും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രതിനിധികള്‍ക്കും ഒപ്പമാണ് എം.എല്‍.എ. എത്തിയത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പാലത്തിന്റെ നിര്‍മാണം. പാലം നിര്‍മാണത്തിന്റെ സുപ്രധാന ഘട്ടമായ സ്ലാബ് വാര്‍ക്കല്‍ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് ബീമുകള്‍ക്കിടയിലാണ് സ്ലാബുകള്‍ വാര്‍ക്കുന്നത്. 35 മീറ്റര്‍ നീളത്തിലുള്ള 27 സ്ലാബുകളാണ് പാലത്തില്‍ ഉണ്ടാവുക. ഒപ്പം ദേശീയ ജലപാത കടന്ന് പോകുന്ന ഭാഗത്ത് 55 മീറ്റര്‍ നീളത്തില്‍ മൂന്നെണ്ണവും സ്ഥാപിക്കും.
കരയിലെ രണ്ട് തൂണുകള്‍ അടക്കം 31 തൂണുകളിലാണ് പാലം ഉറപ്പിക്കുന്നത്. 1110 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലം കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്. രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റര്‍ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതമുള്ള നടപ്പാതയുമുണ്ട്. ബോസ്ട്രിങ് ആര്‍ച്ച് മാതൃകയിലാണ് രൂപരേഖ. വടുതല ഭാഗത്ത് 300 മീറ്റര്‍ നീളത്തിലും പെരുമ്പളത്ത് 250 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡും നിര്‍മിക്കും.
അപ്രോച്ച് റോഡിനായുള്ള സ്ഥലം ഏറ്റെടുക്കൽ ദ്രുതഗതിയിലാണ് പൂര്‍ത്തിയായത്. പെരുമ്പളത്ത് കരയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. വടുതലയില്‍ കരയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള വാല്യൂവേഷന്‍ പൂര്‍ത്തിയായാല്‍ ഉടന്‍ കരയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരമേകുന്നതാണ് പാലം. വേമ്പനാട് കായലിലെ പാലം പെരുമ്പളം ദ്വീപിനെ വടുതല ഭാഗവുമായാണ് ബന്ധിപ്പിക്കുന്നത്. ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍ നിന്നും പെരുമ്പളം ദ്വീപ് വഴി വൈക്കം- പൂത്തോട്ട- തൃപ്പൂണിത്തുറ സ്റ്റേറ്റ് ഹൈവേയെ ബന്ധിപ്പിക്കുന്ന പാതയുടെ ആദ്യഘട്ടം എന്ന നിലയിലാണ് പെരുമ്പളം പാലം വിഭാവനം ചെയ്തിരിക്കുന്നത്.
But there is shortest distance than the present length. This length chosen to make the approach road pass through a particular community’s area.