മത്സ്യത്തൊഴിലാളികൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കും- മന്ത്രി

കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് ഇല്ലാതെ കടലില്‍ പോകുന്ന ബോട്ടുകളുടെ മേല്‍ നിയമനടപടി സ്വീകരിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. മത്സ്യബന്ധന എഞ്ചിനുകള്‍ എല്‍.പി.ജി. ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ എല്‍.പി.ജി. കിറ്റുകളുടെ വിതരണം ആലപ്പുഴ ഓമനപ്പുഴ കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മത്സ്യബന്ധനത്തിനുള്ള ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഇന്ധനം മണ്ണണ്ണയില്‍ നിന്നും എല്‍.പി.ജി.യിലേക്ക് മാറ്റുന്ന കിറ്റുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ മന്ത്രി വിതരണം ചെയ്തത്. എല്‍.ഒ.ടി. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എഞ്ചിനുകള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. വിജയിക്കുകയാണെങ്കില്‍ കേരളത്തിലെ എല്ലാ മത്സ്യ തൊഴിലാളികളുടെയും നിലവിലുള്ള എഞ്ചിനില്‍ സമൂലമായ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

മണ്ണെണ്ണയിൽ നിന്ന് എൽ.പി.ജിയിലേക്ക് മാറുന്നത് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ അറുപത് ശതമാനം ലാഭം ഉണ്ടാക്കുന്നതാണ്. മത്സ്യ തൊഴിലാളികളുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. മത്സ്യ തൊഴിലാളികളുടെ ഇന്‍ഷുറന്‍സിന്റെ 90 ശതമാനം സര്‍ക്കാരാണ് മുടക്കുന്നത്. മത്സ്യഫെഡുവഴി 20 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സാണ് നല്‍കുന്നത്.

ഏപ്രില്‍, മേയ് മാസങ്ങളില്‍ കേരളത്തിലെ തീരപ്രദേശങ്ങളിലുടനീളം ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മത്സ്യ തൊഴിലാളികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ നിശ്ചിത ദിവസത്തിനുള്ള പ്രത്യേക പോര്‍ട്ടല്‍വഴി അറിയിക്കാം. ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ പ്രത്യേക അദാലത്തിനു സമാനമായി നടത്താനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ ആയിരക്കണക്കിന് മത്സ്യ തൊഴിലാളികള്‍ പങ്കെടുക്കുന്ന 50-ല്‍ പരം യോഗങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ഡയറക്ടര്‍ അദീല അബ്ദുള്ള, മാരാരിക്കുളം സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുമോള്‍ ഷാജി, ഗ്രാമപഞ്ചായത്ത് അംഗം പി.ജെ. ഇമ്മാനുവല്‍, ഐ.ഒ.സി. ചീഫ് ജനറല്‍ മാനേജര്‍ ആര്‍. രാജേന്ദ്രന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേശ് ശശിധരന്‍, മത്സ്യഫെഡ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *