കേരളത്തിൻ്റെ ‘നീംജി’ ഇലക്ട്രിക്ക് ഓട്ടോകൾ ഇനി നേപ്പാളിലും ഓടും
കേരളത്തിൽ നിർമ്മിച്ച “നീംജി ” ഇലക്ട്രിക്ക് ഒട്ടോറിക്ഷകൾ ഇനി നേപ്പാളിലും ഓടും. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമോബൈൽസ് (കെ.എ.എൽ) രൂപകല്പന ചെയ്ത നീം ജി യുടെ നേപ്പാളിലേക്കുള്ള കയറ്റുമതി തുടങ്ങി. 25 ഓട്ടോകൾ നേപ്പാളിലേക്ക് അയക്കുന്നതിൻ്റെ ഫ്ലാഗ് ഓഫ് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ നിർവ്വഹിച്ചു. തിരുവനന്തപുരം ആറാലുംമൂടിലെ കെ.എ.എൽ.പ്ലാൻ്റിൽ
നിന്നാണ് ട്രക്കുകൾ യാത്രയായത്. 12 ദിവസം കൊണ്ട് 3500 കിലോമീറ്റർ സഞ്ചരിച്ച് ട്രക്കുകൾ ഹിമാലയ താഴ് വാരത്തെ നേപ്പാളിലെത്തും. 33 യൂണിറ്റാണ് ആദ്യ ഘട്ടത്തില്‍ നേപ്പാളിലേക്ക് കയറ്റി അയക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒരു വര്‍ഷം 500 ഇ- ഓട്ടോകള്‍ നേപ്പാളില്‍ വിറ്റഴിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേപ്പാളിന് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലേയ്ക്കും കയറ്റുമതി ചെയ്യുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. കേരളത്തിലെ വിവിധ ഡീലര്‍മാര്‍ക്ക് പുറമെ, തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്, ആന്ധ്ര, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലും നീം ജിക്ക് വിതരണക്കാര്‍ തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒറ്റത്തവണ ചാർജ് ചെയ്താൽ 80- 90 കിലോമീറ്റർ വരെ യാത്ര ചെയ്യാം. ജർമ്മൻ
സാങ്കേതിക വിദ്യയിൽ തദ്ദേശീയമായി വികസിപ്പിച്ച 60 വോൾട്ട് ലിത്തിയം അയേൺ ബാറ്ററി മൂന്ന് മണിക്കൂർ 55 മിനുട്ടു കൊണ്ട് ചാർജ് ചെയ്യാം. വീട്ടിൽ ത്രീ പിൻ പ്ലഗ്ഗിൽ കുത്തി ഇത് ചാർജ് ചെയ്യാവുന്നതാണ്. കോവിഡ് വ്യാപനം പരിഗണിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവറെയും യാത്രക്കാരെയും തമ്മില്‍ വേര്‍തിക്കാനുള്ള സംവിധാനം നീംജി യിലുണ്ട്. മൂന്ന് പേർക്ക് ഇരിക്കാവുന്ന ഓട്ടോറിക്ഷയുടെ വില 2.85 ലക്ഷമാണ്.
ഇതേ വിലയ്ക്കാണ് നേപ്പാളിലും നൽകിയത്. വായു മലിനീകരണവും ശബ്ദമലിനീകരണവുമില്ലാത്ത ഓട്ടോറിക്ഷയ്ക്ക് ഒരു കിലോമീറ്റർ ഓടാൻ 50 പൈസയേ ചെലവ് വരുള്ളു. സാധാരണ പെട്രോൾ ഓട്ടോറിക്ഷയ്ക്ക് ചെലവ് രണ്ടു രൂപയോളമാണ്. വ്യവസായ വകുപ്പിൽ രജിസ്റ്റർ ചെയ്യുന്ന വനിതാ സഹകരണ സംഘങ്ങളിലെ 25 പേർക്ക് നീം ജി സബ്ബ്സി ഡിയോടെ നൽകാനും സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്.
5 Attachments