ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണം തുടങ്ങി
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവ്വഹിച്ചു.
വൈദ്യുതി സുരക്ഷാ അവബോധം കുട്ടികളിൽ എത്തിക്കേണ്ടത് ആവശ്യമാണെന്നും പൊതുജനങ്ങളിൽ വൈദ്യുതി സുരക്ഷാ ബോധവൽക്കരണം നടത്തിയാൽ മാത്രമേ അപകടങ്ങളുടെ തോത് കുറയ്ക്കാനാകു എന്നും മന്ത്രി പറഞ്ഞു. വൈദ്യുതി അപകടങ്ങൾ കുറയ്ക്കുകയല്ല, അപകടങ്ങൾ ഉണ്ടാകാതിരിക്കുക എന്നതായിരിക്കണം ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ജൂൺ 26 മുതൽ ജൂലൈ രണ്ട് വരെ സംസ്ഥാനത്തുടനീളം വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് സംഘടിപ്പിക്കും. വൈദ്യുതി സുരക്ഷ സംബന്ധിച്ച് ഹൈസ്കൂൾ തലത്തിൽ നടത്തിയ ചിത്രരചന, ഉപന്യാസ മത്സരം എന്നിവയുടെ സംസ്ഥാനതല വിജയികൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു.
വൈദ്യുതി അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ധീരോചിതമായി പ്രവർത്തിച്ച മാസ്റ്റർ മുഹമ്മദ് സിദാൻ, മാസ്റ്റർ. മുഹമ്മദ് ഷഹജാസ്. പി, കുമാരി. ലെനിക ഇഷാൽ പി.ടി എന്നീ വിദ്യാർത്ഥികളെ അനുമോദിച്ച് പുരസ്കാരം നൽകി.
ടോക്എച്ച് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ എറണാകുളം ബ്രോഡ്വേയിലെ വ്യാപാര സമുച്ചയങ്ങളിൽ നടത്തിയ വൈദ്യുതി സുരക്ഷ ഓഡിറ്റിംഗ് റിപ്പോർട്ടിന്റെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.




















