ട്രെസ്റ്റ് റിസർച്ച് പാർക്കിന് പാലക്കാട്ട് സാറ്റലൈറ്റ് കേന്ദ്രം
വ്യവസായ-അക്കാദമിക സംയോജിതഗവേഷണം പ്രോത്സാഹിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സ്ഥാപിച്ച ട്രെസ്റ്റ് റിസർച്ച് പാർക്കിന് പാലക്കാട്ട് സാറ്റലൈറ്റ് കേന്ദ്രം വരുന്നു.
പാലക്കാട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ആരംഭിക്കുന്ന സാറ്റലൈറ്റ് കേന്ദ്രത്തിന് ധാരണാപത്രം ഒപ്പിട്ടു. ട്രെസ്റ്റ് റിസർച്ച് പാർക്കും ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് പാലക്കാടും തമ്മിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ സാന്നിദ്ധ്യത്തിൽ ധാരണാപത്രം കൈമാറി.
സംസ്ഥാനത്തെ എഞ്ചിനീയറിംഗ് ആൻ്റ് സയൻസ് കോളേജുകളിലും മറ്റു സാങ്കേതിക സ്ഥാപനങ്ങളിലും വ്യവസായ-അക്കാദമിക സഹകരണത്തിനായി സാറ്റലൈറ്റ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ആരംഭിക്കുന്ന ഈ കേന്ദ്രം തുടങ്ങുന്നത്.
പാലക്കാട്ടേതടക്കമുള്ള സാറ്റലൈറ്റ് കേന്ദ്രങ്ങൾ ഗവേഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാർട്ടപ്പുകളെ ആകർഷിക്കുകയും ക്ഷണിക്കുകയും ചെയ്യും. ട്രെസ്റ്റ് റിസർച്ച് പാർക്ക് അവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഹബ്ബ് സെന്റർ ആയി പ്രവർത്തിക്കും.
അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ ഗവേഷണം, സംരംഭകത്വം, എന്നിവ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷവും ഈ പ്ലാറ്റ് ഫോം സൃഷ്ടിക്കും.ഇൻക്യുബേറ്റഡ് സ്റ്റാർട്ടപ്പുകൾക്ക് വിദ്യാർത്ഥികൾക്ക് അവരുടെ ഇന്റേൺഷിപ്പിന്റെയും പ്രോജക്ടുകളുടെയും ഭാഗമായി ഗവേഷണ പ്രശ്നങ്ങൾ നൽകാനും അതുവഴി വ്യവസായങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അവസരം നൽകാനും കഴിയും.
വ്യവസായത്തിലെ ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലെ അനുഭവപരിചയം വിദ്യാർത്ഥികളെ വ്യവസായത്തിലേക്ക് സജ്ജരാക്കുകയും അവർക്ക് തൊഴിലവസരങ്ങൾ തുറന്നുകൊടുക്കുകയും ചെയ്യും.




















