മോട്ടോർ വീൽച്ചെയർ വാഹനവുമായി മദ്രാസ് ഐ.ഐ.ടി.
റോഡിൽ മാത്രമല്ല നിരപ്പല്ലാത്ത സ്ഥലങ്ങളിലൂടെയും ഓടിക്കാവുന്ന മോട്ടോർ വീൽച്ചെയർ വാഹനം മദ്രാസ് ഐ.ഐ.ടി.വികസിപ്പിച്ചു. ‘നിയോബോൾട്ട് ‘ എന്ന പേരിലറിയപ്പെടുന്ന വീൽച്ചെയർ വാഹനത്തിൽ മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാം. ഇതിലെ ലിത്തിയം അയേൺ ബാറ്ററി ഒരിക്കൽ ചാർജു ചെയ്താൽ 25 കിലോമീറ്റർ വരെ ഓടും. പൂർണ്ണമായും തദ്ദേശിയമായിട്ടാണ് ഇത് വികസിപ്പിച്ചത്.
കാർ, ഓട്ടോറിക്ഷ, പ്രത്യേക ഡിസൈനുള്ള സ്കൂട്ടർ എന്നിവയേക്കാൾ സൗകര്യപ്രദവും സുരക്ഷിതവുമാണ് ഈ വാഹനമെന്ന്
ഇതിൻ്റെ രൂപകല്പനയ്ക്ക് നേതൃത്വം നൽകിയ ഐ.ഐ.ടി മെക്കാനിക്കൽ വകുപ്പ് മേധാവി സുജാത ശ്രീനിവാസൻ പറഞ്ഞു. ‘നിയോമോഷൻ’ എന്ന സ്റ്റാർട്ടപ്പ് വഴിയാണ് വാഹനം വിപണിയിലിറക്കിയിരിക്കുന്നത്. സ്വാസ്തിക്ക് സൗരവ് ദാസ് എന്ന പൂർവ്വ വിദ്യാർത്ഥിയാണ് സ്റ്റാർട്ടപ്പിൻ്റെ സി.ഇ.ഒ. പ്രൊഫ.സുജാത ശ്രീനിവാസൻ സ്റ്റാർട്ടപ്പിൻ്റെ കോഫൗണ്ടറാണ്.
നിയോബോൾട്ടിന് താരതമ്യേന വില കുറവാണ്. ആഗോള വിപണിയിൽ ലഭ്യമായ മോട്ടോർ വീൽചെയർ വാഹനങ്ങൾക്ക് ഇതിൻ്റെ മൂന്നു മുതൽ
അഞ്ചിരട്ടി വരെ വിലയുണ്ട്. ഉപയോഗിക്കുന്ന ആൾക്ക് സ്ക്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്ന പോലെ സ്റ്റാർട്ട് ചെയ്ത് ഇത് ഓടിച്ചു പോകാം.ഷോക്ക് അബ്സോർബർ ഉള്ളതിനാൽ റോഡിലെ കുഴികളൊന്നും പ്രശ്നമല്ല. വാഹനം കയറ്റവും കയറും. നേരത്തെ വികസിപ്പിച്ച ‘നിയോഫ്ലൈ’ എന്ന വീൽ ചെയറും ഇതിനു മുന്നിൽ ഘടിപ്പിക്കാവുന്ന ഹാൻ്റിൽ – മോട്ടോർ വാഹനവും ചേർന്നതാണ് നിയോ ബോൾട്ടെന്ന പുതിയ വാഹനം. ആയിരം രൂപ നൽകി കമ്പനിയുടെ വെബ്സൈറ്റിലൂടെ ഇത് ബുക്ക് ചെയ്യാം.