മെഷിനറി എക്‌സ്‌പോ കൊച്ചിയിൽ മാർച്ച് 11ന് തുടങ്ങും
സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന വ്യവസായ യന്ത്ര പ്രദര്‍ശന മേള മെഷിനറി എക്‌സ്‌പോ മാർച്ച് 11ന് കൊച്ചിയിൽ തുടങ്ങും. എക്സ്പോയുടെ അഞ്ചാമത് എഡിഷനാണ് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ നാല് ദിവസങ്ങളിലായി നടക്കുന്നത്. 11ന് രാവിലെ 10.30 ന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ഹൈബി ഈഡൻ എം.പി, ഉമതോമസ് എം.എൽ.എ, കൊച്ചി കോർപ്പറേഷൻ മേയർ എം.അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.
ഓരോ സംരംഭകനേയും പുതിയ സാധ്യതകൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് മെഷിനറി എക്സ്പോ സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ഇരുന്നൂറോളം യന്ത്ര നിർമാതാക്കൾ ഒരു കുടക്കീഴിൽ അണിനിരക്കുന്നു എന്നതാണ് മെഷിനറി എക്സ്പോയുടെ പ്രത്യേകത. നാല്‍പ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ശീതീകരിച്ച പവലിയനാണ് എക്സ്പോയ്ക്കായി ഒരുക്കുന്നത്.
വിവിധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും യന്ത്രങ്ങളും സംരംഭകര്‍ക്ക് ഗുണകരമാകുംവിധം അവതരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. കാര്‍ഷികാധിഷ്ഠിതം, ഭക്ഷ്യ സംസ്ക്കരണം, പാക്കേജിംഗ്, ജനറല്‍ എഞ്ചിനീറിംഗ്, ഇലക്ട്രിക്കല്‍ ആൻ്റ് ഇലക്ട്രോണ്ക്സ്, മര വ്യവസായം, റബ്ബര്‍ ആൻ്റ് പ്ലാസ്റ്റിക്, ഫൂട്ട് വെയര്‍, പ്രിന്‍റിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍, ആയുര്‍വ്വേദ ആൻറ് ഹെര്‍ബല്‍, അപ്പാരല്‍, വേസ്റ്റ് മാനേജ്മെന്‍റ് തുടങ്ങിയ മേഖലകളിലെ നൂതന യന്ത്ര സാമഗ്രികളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
വീട്ടാവശ്യങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും വേണ്ട പാചക യന്ത്രങ്ങള്‍ മുതല്‍ വിവിധതരം ഗാര്‍ഹിക യൂണിറ്റുകള്‍ക്കും കുടുംബശ്രീ, കുടില്‍ വ്യവസായം, ചെറുകിട, ഇടത്തരം, വൻകിട സംരംഭങ്ങള്‍ക്കും ആവശ്യമായ യന്ത്രങ്ങളും സാങ്കേതികവിദ്യയും അണിനിരത്തിയാണ് യന്ത്ര പ്രദര്‍ശനമേള സംഘടിപ്പിക്കുന്നത്.