മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ മുഖ്യതുരങ്കം തുറന്നു
ഇടുക്കി ജില്ലയിലെ 40 മെഗാവാട്ട് ജല വൈദ്യുത പദ്ധതിയുടെ രണ്ടര കിലോമീറ്റർ നീളം വരുന്ന മുഖ്യതുരങ്കം തുറന്നു. ലക്ഷ്യമിട്ടതിലും നാലുമാസം മുമ്പാണ് ടണലിൻ്റെ നിർമ്മാണം പൂർത്തിയായിരിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.
പാറതുരന്ന് തുരങ്കമുണ്ടാക്കാനുള്ള ഭഗീരഥയത്നം ഇച്ഛാശക്തിയോടെ പൂർത്തീകരിച്ചിരിക്കുകയാണിവിടെ. ടാം റോക്ക് എന്ന പ്രത്യേക യന്ത്രസംവിധാനത്തിൻ്റെ സഹായത്തോടെയാണ് ടണൽ നിർമ്മാണം പൂർത്തിയാക്കിയത്.
പവർ ഹൗസ് റോഡിലെ പെരുമ്പൻകുത്ത് പാലവും, 511 മീറ്റർ നീളമുള്ള പ്രഷർ ഷാഫ്റ്റും 94 മീറ്റർ നീളത്തിൽ അഡിറ്റ് ടണലും, രണ്ട് കിലോമീറ്റർ നീളത്തിൽ അഡിറ്റിലെക്കുള്ള വനപാതയും 110 മീറ്റർ നീളമുള്ള ലോ പ്രഷർ ഷാഫ്ടും 90 മീറ്റർ ആഴമുള്ള സർജും പദ്ധതിയുമായി ബന്ധപ്പെട്ട് പൂർത്തിയായിക്കഴിഞ്ഞു.
51 ഡിഗ്രി ചരിവിലുള്ള തുരങ്കത്തിൻ്റെ 230 മീറ്റർ ഭാഗം കൂടി പൂർത്തിയായാൽ പദ്ധതിയുടെ ജലനിർഗമന സംവിധാനത്തിൻ്റെ ഡ്രൈവിംഗ് പ്രവൃത്തികൾ പൂർണ്ണമാകും. മാങ്കുളം പദ്ധതിയുടെ തുരങ്ക നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ മന്ത്രി അഭിനന്ദിച്ചു.