മാങ്കുളം ജലവൈദ്യുത പദ്ധതി നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു.

പ്രതിവർഷം 82 ദശലക്ഷം യൂണിറ്റ് ഉത്പാദനശേഷിയുള്ള ഇടുക്കി
മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. അതോടൊപ്പം പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി സ്ഥാപിച്ച വ്യാപാര സമുച്ചയ കൈമാറ്റവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിർവ്വഹിച്ചു.

കേരളത്തിൻ്റെ വികസനത്തിന് ജനങ്ങൾ നൽകുന്ന പിന്തുണയുടെ മനോഹരമായ ഉദാഹരണമാണ് മാങ്കുളം പദ്ധതിയെന്ന് 

മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. 80.13 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിയുടെ നിര്‍മ്മാണത്തിനായി വേണ്ടത്. ഇതിൽ 11.9 ഹെക്ടര്‍ വനഭൂമിയും 15.16 ഹെക്ടര്‍ നദീതടവുമാണ്.

പദ്ധതിക്ക് ആവശ്യമായ 52.94 ഹെക്ടര്‍ സ്വകാര്യ ഭൂമിയിൽ 90 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ബാക്കി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. 140 വ്യക്തികളിൽ നിന്നും 61 കോടി രൂപയ്ക്കാണ് പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുത്തത്.

പദ്ധതി നടപ്പാക്കുന്നതു മൂലം കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരസ്ഥാപന ഉടമകളെയും തൊഴിൽ നഷ്ടപ്പെടുന്നവരെയും പുനരധി
വസിപ്പിക്കുന്നതിനായാണ് 714.56 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വ്യാപാര സമുച്ചയം രണ്ട് കോടി രൂപ മുതൽ മുടക്കിൽ നിര്‍മ്മിച്ചിരിക്കുന്നത്.

പദ്ധതിയുടെ നിര്‍മ്മാണത്തിനു വേണ്ട 3.439 ഹെക്ടര്‍ സ്ഥലം കുറത്തിക്കുടി ആദിവാസി സെറ്റിൽമെൻ്റിൽ നിന്നാണ് ഏറ്റെടുത്തത്. ആറ് ആദിവാസി കുടുംബങ്ങളുടെ ഭൂമിയും ഭവനവുമാണ് പദ്ധതിക്കുവേണ്ടി ഏറ്റെടുത്തിട്ടുള്ളത്. നാലു പേരുടെ ഭൂമി ഭാഗികമായി ഏറ്റെടുത്തിട്ടുണ്ട്. ഭാഗികമായി സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നൽകുകയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക സ്ഥലം കണ്ടെത്തി അവിടെ വീടുവെച്ച് നൽകുകയും ചെയ്തു.

ഇതുകൂടാതെ, പദ്ധതിക്കു വേണ്ടി ഭൂമി നൽകിയവരിൽ മാങ്കുളം പഞ്ചായത്തിൽ മറ്റു ഭൂമികള്‍ കൈവശമില്ലാത്തവരും വാര്‍ഷിക വരുമാനം 75,000 രൂപയിൽ താഴെയുള്ളവരുമായവര്‍ക്ക് ഇടുക്കി ജില്ലയിൽ തന്നെ ആനച്ചാലിൽ മൂന്ന് സെന്‍റ് ഭൂമി വീതം നൽകിയിട്ടുണ്ട്

വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ സഹകരിക്കുന്ന എല്ലാവരെയും ചേര്‍ത്തുപിടിച്ചാണ് ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് എന്നതിന്‍റെ വലിയ ദൃഷ്ടാന്തമാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം വിട്ടുനൽകിയ ആദിവാസി സമൂഹത്തിൽപ്പെട്ടവരെയും മറ്റു പ്രദേശവാസികൾ, വ്യാപാരികൾ എന്നിവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *