സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള കെ.എസ്.ഐ.ഡി.സി സഹായം ഒരു കോടിയാക്കും

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തനപുരോഗതി കൈവരിക്കാന്‍ (സ്കെയില്‍ അപ്പ്) കെ.എസ്.ഐ.ഡി.സി. വഴി നല്‍കുന്ന ധനസഹായം അന്‍പതു ലക്ഷംരൂപയില്‍ നിന്ന് ഒരു കോടി രൂപയാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. കെ.എസ്.ഐ.ഡി.സി സംഘടിപ്പിച്ച സ്കെയില്‍ അപ്പ് കോണ്‍ക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നിര്‍മാണമേഖലയ്ക്ക് പ്രാധാന്യം നല്‍കി നവംബറില്‍ കൊച്ചിയില്‍ സ്റ്റാര്‍ട്ടപ്പ് സംഗമം നടത്തുന്നുണ്ട്. കേരളത്തിന്റെ വിപണിയില്‍ കേരളത്തിന്റെ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി ബ്രാന്‍ഡിംഗ് കേരള, മെയ്ഡ് ഇന്‍ കേരള പോലുള്ള ബ്രാന്‍ഡിംഗ് രീതികള്‍ നടപ്പാക്കും. ഇവ സപ്ലൈക്കോ പോലുള്ള വിതരണ ശൃംഖലകളില്‍ പ്രത്യേക വിഭാഗമുണ്ടാക്കി വിറ്റഴിക്കും. ഐ.ടി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും സഹായങ്ങളും ഐ.ടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയം.

പ്രാഥമിക മൂലധന നിക്ഷേപം കിട്ടി വളരുന്ന സ്റ്റാര്‍ട്ടപ്പുകൾക്ക് തുടർ പ്രവർത്തനങ്ങളിലും സർക്കാർ സഹായമുണ്ടാകും. അതിന്റെ ഭാഗമായാണ് സ്റ്റാര്‍ട്ടപ്പുകളെ കേള്‍ക്കുന്നതിനുള്ള ഇത്തരം പരിപാടികള്‍. സംരംഭകത്വം പാഠ്യപദ്ധതിയുടെ ഭാഗമാക്കും. 1000 സംരംഭക വികസന ക്ലബ്ബുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിക്കും -മന്ത്രി പറഞ്ഞു.

കെ.എസ്.ഐ.ഡി.സി. യുടെ സ്റ്റാര്‍ട്ടപ്പ് സാമ്പത്തിക പദ്ധതിയില്‍ സഹായം ലഭിച്ച കമ്പനികളിൽ കൂടുതൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന ആറ് കമ്പനികൾക്കുള്ള അച്ചീവ്‌മെന്റ് അവാർഡും ഈ വർഷം വായ്പ അനുവദിച്ചിട്ടുള്ള ഏഴു കമ്പനികൾക്കുള്ള അനുമതിപത്രവും മന്ത്രി വിതരണം ചെയ്തു. 2014 മുതൽ ഇതുവരെ 126 സ്റ്റാർട്ട് അപ്പുകൾക്ക് കെ.എസ്.ഐ.ഡി.സി. സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഇതിലൂടെ 1500 ൽ പരം തൊഴിലവസരങ്ങൾ സംസ്ഥാനത്തു സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

സീഡ് ഫണ്ട്, സ്കെയില്‍അപ് ഫണ്ട് എന്നിങ്ങനെ രണ്ട് സ്കീമുകളാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ടി കെ.എസ്.ഐ.ഡി.സി നടപ്പാക്കുന്നത്. സംരംഭം തുടങ്ങുന്നതിനാവശ്യമായ മൊത്തം തുകയുടെ തൊണ്ണൂറു ശതമാനമോ അല്ലെങ്കിൽ ഇരുപത്തഞ്ചു ലക്ഷം രൂപയോ റിസര്‍വ് ബാങ്ക് നിരക്കായ 5.65 ശതമാനം പലിശയ്ക്ക് വായ്പയായി നൽകുന്നതാണ് സീഡ് ഫണ്ട് പദ്ധതി. മൂന്നു വർഷമാണ് വായ്പ തിരിച്ചടവ് കാലാവധി.

തങ്ങളുടെ ഉൽപ്പന്നമോ സേവനമോ വിജയകരമായി വികസിപ്പിക്കുകയും വാണിജ്യ വത്ക്കരിക്കുകയും ചെയ്ത സ്റ്റാർട്ടപ്പുകൾക്ക് എഴു ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപവരെ മൂന്നു വർഷത്തേക്ക് വായ്പ നൽകുകയാണ് സ്‌കെയിൽ അപ്പ് സപ്പോർട്ട് പദ്ധതിയില്‍ ചെയ്യുന്നത്. പരസ്പരധാരണ പ്രകാരം കമ്പനിയിലെ കെഎസ്ഐഡിസിയുടെ ഓഹരി നിക്ഷേപമായി ഈ വായ്പകള്‍ മാറ്റുന്നതിനുള്ള സൗകര്യവുമുണ്ട്. Content highlights: KSIDC scale up conclave-2022

Leave a Reply

Your email address will not be published. Required fields are marked *