ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ കെ.എസ്.ഇ.ബി. നിക്ഷേപകരെ തേടുന്നു
കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള 63 പൊതുചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ കഫെറ്റേരിയ, ടോയ്ലറ്റ്, വിശ്രമിക്കാനുള്ള ഇടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വര്‍ദ്ധിപ്പിക്കാന്‍ കെ.എസ്.ഇ.ബി. സ്വകാര്യ നിക്ഷേപകരെ തേടുന്നു.
‘റിഫ്രഷ്മെന്റ് ആന്റ് റീചാര്‍ജ്ജ്’ എന്ന പേരിലുള്ള ഈ പദ്ധതി ഡിസൈന്‍-ബില്‍ഡ്-ഫിനാന്‍സ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (DBFOT) രീതിയിലാണ് വിഭാവന ചെയ്തിരിക്കുന്നത്.
നിക്ഷേപകര്‍ക്ക് കെ.എസ്.ഇ.ബി.യുടെ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ 10 വര്‍ഷത്തേക്ക് ഉപയോഗിക്കാനുള്ള അവകാശം നല്‍കും. നിക്ഷേപകര്‍ കുറഞ്ഞത് നാല് CCS2 ചാര്‍ജ്ജിംഗ് ഉപകരണങ്ങളും കഫറ്റേരിയ, ടോയ്ലറ്റ് എന്നിവയും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കേണ്ടതുണ്ട്. കൂടാതെ നിശ്ചിത വൈദ്യുതി ഉപഭോഗം അവര്‍ ഉറപ്പാക്കേണ്ടി വരും.
ഇപ്പോള്‍ ചാര്‍ജ്ജിംഗ് സംബന്ധമായ പണമിടപാടുകള്‍ നടത്തുന്നതിന് വ്യത്യസ്ത വാലെറ്റുകള്‍ ഉപയോഗിക്കേണ്ടി വരുന്നത് പരാതിക്കിടയാക്കുന്നുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് പുതിയ സംവിധാനം രൂപപ്പെടുത്തും.
പുതിയ ഈ സംവിധാനം പ്രാവര്‍ത്തികമാകുമ്പോള്‍ ആപ്പുകളുടേയോ, വാലറ്റുകളുടേയോ സഹായമില്ലാതെ യു.പി.ഐ പോലുള്ള മാര്‍ഗ്ഗങ്ങളിലൂടെ വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയും. ഇതിനായി നിര്‍മ്മിത ബുദ്ധി അധിഷ്ഠിതമായ സൗകര്യങ്ങളാകും ഒരുക്കുക. ടെന്‍ഡര്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ etenders.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.