എച്ച്.സി.എൽ ടെക് കൊച്ചിയിൽ പ്രവർത്തനം തുടങ്ങി

ലോകപ്രശസ്ത ടെക് കമ്പനിയായ  എച്ച്.സി.എൽ. ടെക്കിൻ്റെ കേരളത്തിലെ ആദ്യ യൂണിറ്റ് കൊച്ചിയിൽ ആരംഭിച്ചു. വ്യവസായ  മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇൻഫോപാർക്ക് സി.ഇ.ഒ പ്രശാന്ത് കുരുന്തിൽ, കമ്പനിയുടെ കോർപ്പറേറ്റ് വൈസ് പ്രസിഡൻ്റും എഞ്ചിനീയറിങ്ങ് – ആർ ആൻ്റ് ഡി വിഭാഗം തലവനുമായ ഹരി സാദരഹള്ളി എന്നിവരും  പങ്കെടുത്തു.
കൊച്ചി ഇൻഫോപാർക്കിൽ ആരംഭിച്ചിരിക്കുന്ന യൂണിറ്റിൽ നിന്ന് ലോകത്തിലെ തന്നെ പ്രമുഖ ഓട്ടോമൊബൈൽ, സെമികണ്ടക്ടർ, മെഡിക്കൽ മേഖലയിലെ കമ്പനികൾക്കും മറ്റ് വ്യവസായങ്ങൾക്കും ആവശ്യമായ എഞ്ചിനീയറിങ്ങ് സഹായങ്ങളും ആർ ആൻ്റ് ഡി സഹായങ്ങളും ലഭ്യമാക്കും.  അറുപതിലധികം രാജ്യങ്ങളിലായി 2,18,000 ജീവനക്കാരുള്ള കമ്പനി കേരളം മുന്നോട്ടുവെക്കുന്ന നൂതന വ്യവസായ മേഖലകളിലെല്ലാം സഹായം ലഭ്യമാക്കാൻ സാധിക്കുന്ന യൂണിറ്റാണ് കേരളത്തിൽ ആരംഭിച്ചിരിക്കുന്നത്.
കൊച്ചിയിലേക്കുള്ള എച്ച്.സി.എൽ ടെക്കിൻ്റെ കടന്നുവരവ് ടെക്നോളജി രംഗത്ത് കേരളത്തിൻ്റെ സാധ്യതകൾ ഒന്നുകൂടി അടിവരയിടുകയാണെന്ന് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. എച്ച്.സി.എൽ ടെക്കിനൊപ്പം കൂടുതൽ മികച്ച സഹകരണം ഭാവിയിൽ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉൾപ്പെടെ നിരവധി മേഖലകളിൽ ഇടപെടുന്ന യൂണിറ്റ് സെമി കണ്ടക്ടർ ചിപ്പ് മേഖലയിലും ശ്രദ്ധേയമായ ഇടപെടൽ നടത്താൻ പ്രാപ്തമായ ഒന്നാണ്. ഇത് കേരളത്തിലേക്ക് ഈ നൂതന മേഖലകളിൽ നിന്നുള്ള കൂടുതൽ കമ്പനികളെ ആകർഷിക്കും- മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *