ഇൻഡോ- ജപ്പാൻ സഹകരണം: ധാരണാപത്രം ഒപ്പുവെച്ചു.

കേരളത്തിന്റെ വികസനത്തിനായി ഇൻഡോ – ജപ്പാൻ സഹകരണം  പുതിയ തലത്തിലേക്ക്. കേരളവുമായി 10 മേഖലകളിൽ സഹകരിക്കുന്നതിനും കൂടുതൽ തൊഴിലവസരം ലഭ്യമാക്കുന്നതിനുമായുള്ള ധാരണാപത്രം ഒപ്പുവെച്ചു. വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. ജപ്പാനിലെ ലേക് നകൗമി, ലേക് ഷിൻജി, മൗണ്ട് ഡൈസൻ മേഖലകളിലെ മേയർമാരും ചടങ്ങിൽ പങ്കെടുത്തു.

നിക്ഷേപം വർധിപ്പിക്കുന്നതിൽ കേരളം നടത്തുന്ന നല്ല നിലയിലുള്ള ചുവടുവെപ്പുകളുടെ ഫലമായാണ് ഇൻഡോ-ജാപ്പാൻ ചേംബർ ഓഫ് കൊമേഴ്‌സ് കേരള ചാപ്റ്റർ  വഴി കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം വിപുലീകരിച്ചുകൊണ്ടുള്ള ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നതെ ന്ന് മന്ത്രി അറിയിച്ചു.

ഈ ധാരണാപത്രം അനുസരിച്ച് വ്യവസായം, ഐടി, വെൽഫെയർ ആൻ്റ് ഹെൽത്ത് കെയർ, കൃഷി, ഫിഷറീസ്, വ്യാപാരം, കപ്പൽ നിർമ്മാണം, ടൂറിസം, ഊർജ്ജം, പരിസ്ഥിതി, ആയുർവേദം എന്നീ പ്രധാന മേഖലകളിൽ കേരളവും ജപ്പാനും തമ്മിലുള്ള കൈമാറ്റങ്ങളും സഹകരണങ്ങളും ശക്തമാക്കും.

സഹകരണത്തിലൂടെ കേരളത്തിൽ നിന്നുള്ള യുവാക്കൾക്ക് ഇതിനോടകം ജപ്പാനിൽ തൊഴിൽ ലഭിച്ചിട്ടുണ്ട്. ഇനി വിദ്യാഭ്യാസം, സംസ്കാരം, ഭരണനിർവ്വഹണം, അന്താരാഷ്ട്ര സഹകരണം എന്നീ മേഖലകളിലും സഹകരണം വിപുലീകരിക്കാൻ പദ്ധതിയുണ്ട്. ജപ്പാൻ-കേരള സഹകരണത്തിനായുള്ള വിശദമായ ആക്ഷൻ പ്ലാൻ അടുത്ത മൂന്ന് മാസത്തിനകം അന്തിമമാക്കുമെന്നും ഇൻജാക്ക് ഉറപ്പ് നൽകിയതായി മന്ത്രി അറിയിച്ചു.