വെള്ളൂർ കേരളാ പേപ്പർ പ്രോഡക്ട്സ് ഉല്‍പ്പാദനം തുടങ്ങി

കേന്ദ്ര സർക്കാരിൽ നിന്ന്  സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുതുതായി രൂപം നൽകിയ കോട്ടയം വെള്ളൂർ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം തുടങ്ങി. പേപ്പർ ഉൽപ്പന്നവുമായി പോകുന്ന ആദ്യ ലോറി മന്ത്രി കെ.എൻ.ബാലഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു.

ഡിഇങ്കിങ് ഫാക്ടറി മന്ത്രി വി.എൻ.വാസവൻ സ്വിച്ച് ഓൺ ചെയ്തു.വുഡ് ഫീഡിങ്ങിൻ്റെ വിദൂര നിയന്ത്രണം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു.

ഉല്‍പ്പാദനം തുടങ്ങിയതോടെ ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിൻ്റും (ആദ്യം 45 ജി.എസ്.എം ന്യൂസ് പ്രിൻ്റും പ്ലാൻ്റുകൾ പ്രവർത്തന സ്ഥിരത കൈവരിക്കുന്നതോടെ 42 ജി.എസ്.എം ന്യൂസ് പ്രിൻ്റും) 52-70 ജി.എസ്.എം പ്രിന്റിംഗ് പേപ്പറും ഉല്‍പ്പാദിപ്പിക്കാൻ കഴിയുന്ന ഘട്ടത്തിലേക്ക് കെ.പി.പി. എൽ. ഉയരും. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കേന്ദ്ര സർക്കാരിൽ നിന്ന് ഏറ്റെടുത്ത് റെക്കോഡ് വേഗതയിലാണ്  പുനരുദ്ധാരണ പ്രവർത്തനങ്ങൾ മുന്നോട്ടുപോയതെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. 2022 ജനുവരി ഒന്നിന് പുനരുദ്ധാരണപ്രക്രിയ ആരംഭിച്ച് അഞ്ച് മാസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കാനും 2022 മെയ് 19ന് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം ആരംഭിക്കാനും സാധിച്ചു.

സംസ്ഥാനം നൽകിയ വലിയ പിന്തുണയുടെ പിൻബലത്തിലാണ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് വെള്ളൂരിൽ പ്രവർത്തനം തുടങ്ങിയത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള എച്ച്.പി.സിയുമായി സംസ്ഥാനം 1972 ൽ കരാർ ഒപ്പിടുകയും 1979 ൽ 700 ഏക്കർ ഭൂമി ഏറ്റെടുത്ത് കമ്പനിക്ക് കൈമാറുകയും ചെയ്തു. ഈ വർഷം ജനുവരി ഒന്നിനാരംഭിച്ച പുനരുദ്ധാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിക്കൊണ്ടാണ് കമ്പനിയുടെ പ്രവർത്തനാരംഭം കുറിക്കുന്നത്. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ വികസിപ്പിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. മൂവായിരത്തോളം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന, പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉല്‍പ്പാദന ശേഷിയുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു.

നാല് ഘട്ടങ്ങളായാണ് കെ.പി.പി.എല്ലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിഭാവനം ചെയ്‌തത്. ഒന്നാം ഘട്ടമായി അഞ്ചു മാസംകൊണ്ട് മൂന്ന് പ്ലാൻ്റുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി(പേപ്പർ മെഷീൻ, റീ സൈക്കിൾഡ് പൾപ്പിങ്ങ് പ്ലാൻ്റ്, ബോയിലറും അനുബന്ധ മെഷിനറികളും). ഒന്നാംഘട്ട ഫാക്ടറി

നവീകരണത്തിനു മാത്രമായി 34.3 കോടിയാണ് അഞ്ചു മാസത്തേക്ക് വകയിരുത്തിയത്. രണ്ടാംഘട്ടവും സമയ ബന്ധിതമായി പൂർത്തിയാക്കി. ഈ ഘട്ടത്തിൽ 44.94 കോടി മുതൽ മുടക്കി കെമിക്കൽ മെക്കാനിക്കൽ പ്ളാന്റുകളുടെ പുനരുദ്ധാരണം സാധ്യമാക്കി.

രണ്ടാം ഘട്ടം പൂർത്തിയായതോടെ കമ്പനിയുടെ നിലവിലുള്ള ശേഷി മുഴുവൻ ഉപയോഗിക്കാവുന്ന സ്ഥിതിയിലേക്ക് ഉയർന്നിട്ടുണ്ട്. വുഡ് പൾപ്പിംഗ് സ്ട്രീമുകൾക്കൊപ്പം റീസൈക്കിൾ ചെയ്‌ത പൾപ്പ് കൂടി ഉപയോഗിച്ച് വ്യാവസായികാടിസ്ഥാനത്തിലുള്ള ന്യൂസ് പ്രിൻ്റ് നിർമ്മാണം തുടങ്ങി. നിർമ്മാണപ്രവർത്തനങ്ങൾ സാധാരണ നിലയിലാകുന്നതിനനുസരിച്ച് നോട്ടുബുക്കുകൾക്കും ടെക്സ്റ്റ് ബുക്കുകൾക്കും ആവശ്യമായ ഗ്രേഡിലുള്ള പേപ്പറുകളും നിർമ്മിക്കാൻ ആരംഭിക്കും.

പേപ്പർ നിർമ്മാണത്തിനാവശ്യമായ അസംസ്കൃതവസ്തുക്കളുടെ ലഭ്യതയിൽ വീഴ്ച വരാതിരിക്കുന്നതിനായി വ്യവസായ-വനം വകുപ്പ് മന്ത്രി തല യോഗം ചേർന്നിരുന്നു. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റ് ലിമിറ്റഡിൻ്റെ കൈവശമുണ്ടായിരുന്ന തോട്ടത്തിൽ നിന്നും സംസ്ഥാന വനം വകുപ്പിൻ്റെ തോട്ടത്തിൽ നിന്നും 24,000 മെട്രിക് ടൺ തടി സാമഗ്രികൾ ലഭ്യമാക്കാൻ ഉത്തരവ് ലഭിച്ചിരുന്നു. ഇതിനൊപ്പം സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലുമുള്ള വേസ്റ്റ് പേപ്പറുകളും കെ.പി.പി.എല്ലിനായി ലഭ്യമാക്കാൻ ഉത്തരവിറക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *