നാഗ്പൂർ കോർപ്പറേഷന്റെ 197 കോടിയുടെ ഓർഡർ കെൽട്രോണിന് 

നാഗ്പൂർ കോർപ്പറേഷന്റെ197 കോടിയുടെ ഓർഡർ കെൽട്രോണിന് ലഭിച്ചു. കെൽട്രോൺ വികസിപ്പിച്ച ഇൻറലിജൻറ് ആൻഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെൻറ് സംവിധാനങ്ങൾ മഹാരാഷ്ട്രയിലെ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ സ്ഥാപിക്കുന്നതിനുള്ള മെഗാ ഓർഡറാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.

മത്സരാധിഷ്ഠിത ടെൻഡറിലൂടെ നേടിയ ഈ ഓർഡറിന്റെ അടിസ്ഥാനത്തിൽ നാഗ്പൂരിലെ ഗതാഗത സുരക്ഷയുടെയും പരിപാലനത്തിന്റെയും മെഗാപദ്ധതിയുടെ ചുമതല കെൽട്രോൺ കരസ്ഥമാക്കി. പദ്ധതിയുടെ മൊത്തം മൂല്യം 197 കോടി രൂപയാണ്.

കേരളത്തിൽ ഉടനീളം മോട്ടോർ വാഹന വകുപ്പിന് വേണ്ടി കെൽട്രോൺ സ്ഥാപിച്ച എ.ഐ. അധിഷ്ഠിത ട്രാഫിക് എൻഫോഴ്സ്മെൻറ് സംവിധാനങ്ങളുടെ പ്രവർത്തന മികവാണ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഈ മെഗാ പദ്ധതി നേടാൻ കെൽട്രോണിന് കരുത്തായത്. അതുപോലെ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെൻറ്, ടെക്നോളജി ബേസ്ഡ് ട്രാഫിക് എൻഫോഴ്സ്മെന്റ് മേഖലയിലെ ഒട്ടനവധി വർഷത്തെ പ്രവർത്തിപരിചയവും നാഗ്പൂർ പദ്ധതി നേടാൻ കെൽട്രോണിന് മുതൽക്കൂട്ടായി.

പദ്ധതിയിലൂടെ 171 ജംഗ്ഷനുകളിൽ അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം, ട്രാഫിക് വയലേഷൻ ഡിറ്റക്ഷൻ ആൻഡ് മാനേജ്മെൻറ്, വേരിയബിൾ മെസ്സേജിങ് സിസ്റ്റം, സെൻട്രലൈസ്ഡ് കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ ഇൻസിഡന്റ് ഡിറ്റക്ഷൻ സിസ്റ്റം, വീഡിയോ മാനേജ്മെൻറ് ആൻ്റ് അനലിറ്റിക്സ്, വെഹിക്കിൾ കൗണ്ടിംഗ് തുടങ്ങിയ സംവിധാനങ്ങൾ മാസ്റ്റർ സിസ്റ്റം ഇന്റഗ്രേറ്റർ എന്ന നിലയിൽ കെൽട്രോൺ നാഗ്പൂരിൽ സ്ഥാപിക്കും.

15 മാസത്തിനുള്ളിൽ പദ്ധതി പ്രവർത്തനസജ്ജമാകും. ഇന്റഗ്രേറ്റഡ് ആൻഡ് ഇൻറലിജന്റ് ട്രാഫിക് മാനേജ്മെൻറ് സംവിധാനങ്ങളുടെ രൂപകൽപ്പന, ഏകോപനം, ദൈനംദിന പ്രവർത്തനം, അറ്റകുറ്റപ്പണി എന്നിവയും അഞ്ചുവർഷത്തേക്ക് കെൽട്രോൺ നിർവഹിക്കും. തിരുവനന്തപുരം മൺവിളയിൽ ഉള്ള കെൽട്രോൺ ട്രാഫിക് സിഗ്നൽ ഡിവിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *