കക്കയം പെൻസ്റ്റോക്ക് ഗര്‍ഡറുകള്‍ പുനസ്ഥാപിച്ചു
കക്കയം പദ്ധതി പൂര്‍ണ ശേഷിയിലേക്ക്
കോഴിക്കോട് കക്കയം ജലവൈദ്യുത പദ്ധതിയിലെ (കുറ്റിയാടി അഡീഷണൽ എക്സ്റ്റൻഷൻ സ്കീം 2×50 മെഗാവാട്ട്) കനത്ത മഴയിൽ തകർന്ന പെൻസ്റ്റോക്ക് ഗര്‍ഡറുകള്‍ പുനസ്ഥാപിച്ച് വൈദ്യുതി ഉത്പാദനം പൂര്‍ണമായി പുനരാരംഭിച്ചു.
മെയ് 25നുണ്ടായ കനത്ത മഴയിലാണ് കൂറ്റൻ പാറക്കല്ലുകൾ പെൻസ്റ്റോക്ക് പൈപ്പിനുമേൽ വീണതിനെ തുടർന്ന് റോക്കർ സപ്പോർട്ടുകളും നാല് റിങ് ഗര്‍ഡറുകളും തകർന്നത്. ഇതിന്റെ ഫലമായി 50 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകൾ നിലച്ചതോടെ ഉത്പാദനത്തിൽ 100 മെഗാവാട്ട് കുറവുണ്ടായതായി വൈദ്യതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.
അതീവ ദുഷ്കരമായ ഭൂപ്രകൃതിയും വന്യമൃഗ ശല്യവും പ്രതികൂല കാലാവസ്ഥയും ഉണ്ടായിട്ടും ഗർഡറുകൾ തിരികെ ഘടിപ്പിച്ച് വെൽഡിങ് ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചു. 2025 മെയ് 31ന് യുദ്ധകാല അടിസ്ഥാനത്തിൽ ആരംഭിച്ച പ്രവൃത്തികൾ 14 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി.
പെൻസ്റ്റോക്ക് പൈപ്പിന് സ്ഥാനചലനങ്ങൾ ഇല്ലെന്നുറപ്പാക്കിയതിനു ശേഷം ജൂൺ 14ന് വെള്ളം നിറക്കാൻ തുടങ്ങി. തുടർന്ന് മെഷീൻ നം. 6 ജൂൺ 16നും മെഷീൻ നം. 5 ജൂൺ 17നും ഗ്രിഡിൽ ബന്ധിപ്പിച്ചു. നിലവിൽ കക്കയം പദ്ധതിയിലെ എല്ലാ മെഷീനുകളും (പുനരുദ്ധാരണ നവീകരണ/ശേഷി വർദ്ധിപ്പിക്കൽ നടന്നു വരുന്ന മൂന്നാമത്തെ മെഷീൻ 25MW ഒഴികെ) പൂര്‍ണ്ണ ശേഷിയിൽ പ്രവർത്തിച്ചുവരികയാണ്.




















