സൗരോർജ്ജ സ്ഥാപിത ശേഷി 1087.71 മെഗാവാട്ടായി വർദ്ധിച്ചു
കേരളത്തിലെ സൗരോർജ്ജ നിലയങ്ങളുടെ സ്ഥാപിത ശേഷി 1087.71 മെഗാവാട്ടായി വർദ്ധിച്ചതായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.
കെ.എസ്.ഇ.ബി യുടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയിലൂടെയും മറ്റ് സ്വകാര്യ നിലയങ്ങളിലൂടെയും ഭൗമോപരിതല സൗരോര്‍ജ്ജ നിലയങ്ങളിലൂടെയും ഫ്ലോട്ടിംഗ് സോളാര്‍ പദ്ധതിയിലൂടെയും സംസ്ഥാനത്ത് ആകെ 1087.71 മെഗാവാട്ട് സ്ഥാപിത ശേഷിയാണ് നിലവിലുള്ളത്. ഇതിൽ 808.89 മെഗാവാട്ടിന്റെ പുരപ്പുറ സൗരോർജ്ജ നിലയങ്ങളും, 278.82 മെഗാവാട്ട് ശേഷിയുള്ള ഭൗമോപരിതല / ഫ്ലോട്ടിംഗ് സൗരോർജ്ജ നിലയങ്ങളും ഉൾപ്പെടുന്നു.
പുരപ്പുറ സൗരോർജ്ജ നിലയങ്ങളില്‍, കെ.എസ്.ഇ.ബി യുടെ ഉടമസ്ഥതയില്‍ 209.6 മെഗാവാട്ട് ശേഷിയുള്ളവയും സ്വകാര്യ ഉടമസ്ഥതയില്‍ 599.29 മെഗാവാട്ട് ശേഷിയുള്ള നിലയങ്ങളുമാണ്. ഭൗമോപരിതല / ഫ്ലോട്ടിംഗ് സൗരോർജ്ജ നിലയങ്ങളില്‍ കെ.എസ്.ഇ.ബി യുടെ ഉടമസ്ഥതയിൽ 19.71 മെഗാവാട്ട് ശേഷിയുള്ളവയും, സ്വകാര്യ ഉടമസ്ഥതയില്‍ 259.11 മെഗാവാട്ട് ശേഷിയുള്ള നിലയങ്ങളുമാണ്.
മെയ് 2016 ല്‍ സൗരോര്‍ജ്ജ പദ്ധതികളില്‍ നിന്നുള്ള ആകെ സ്ഥാപിത ശേഷി 16.499 മെഗാവാട്ട് ആയിരുന്നെങ്കില്‍ വിവിധ പദ്ധതികളിലൂടെ 1087.71 മെഗാവാട്ട് ആയി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചതായി മന്ത്രി അറിയിച്ചു. ഇപ്രകാരം 1071.211 മെഗാവാട്ടിന്റെ വര്‍ദ്ധനവാണ് മെയ് 2016 ന് ശേഷം ഉണ്ടായത്. കേരളത്തിലെ മൊത്തം സൗരോര്‍ജ്ജ നിലയങ്ങളില്‍ 782.211 മെഗാവാട്ടും ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കിയതാണെന്നും മന്ത്രി വ്യക്തമാക്കി.