ഡിജിറ്റൽ സാങ്കേതികവിദ്യാ പിശീലനത്തിന് ഇന്നവേഷൻ ലാബുകൾ
ഡിജിറ്റൽ സാങ്കേതിക വിദ്യ പരിശീലിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലയിലെ മൂന്ന് സർക്കാർ വിദ്യാലയങ്ങളിൽ ഇന്നവേഷൻ ലാബുകൾ വരുന്നു. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയോടെ നടക്കുന്ന എഡ്യൂമിഷന്റെ ഭാഗമായാണ് ലാബുകൾ സജ്ജമാകുന്നത്.
പെരുമണ്ണ ഇ.എം.എസ് ഹയർ സെക്കണ്ടറി സ്കൂൾ , മേപ്പയ്യൂർ ഹയർ സെക്കണ്ടറി സ്കൂൾ, ബാലുശ്ശേരി ഗവ.ഗേൾസ് സ്കൂൾ എന്നീ
വിദ്യാലയങ്ങളിലാണ് നൂതന സാങ്കേതികവിദ്യാ നൈപുണികൾ പരിശീലിക്കുന്നതിനുള്ള ലാബുകൾ ഒരുങ്ങുന്നത്. എൻ ഐ ടി കോഴിക്കോട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, ഡയറ്റ് കോഴിക്കോട് എന്നിവയുടെ പിന്തുണയോടെ സാങ്കേതിക നൈപുണികളും പരിശീലനങ്ങളും സ്വായത്തമാക്കാനായി കുട്ടികൾക്കും അധ്യാപകർക്കുമുള്ള പരിശീലന മൊഡ്യൂളുകളും ഒരുങ്ങുന്നുണ്ട്.
വിദ്യാർഥികളെ ഭാവിയിലേക്ക് കൈപിടിച്ചുയർത്താനുള്ള സ്വപ്നപദ്ധതിയായാണ് എഡ്യൂ മിഷൻ – ഇന്നവേഷൻ ലാബുകൾ (എമിൽ) ലക്ഷ്യമിടുന്നത്. നവസാങ്കേതികവിദ്യകൾ അതിവേഗം മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ വിദ്യാർത്ഥികൾക്ക് അടിസ്ഥാന കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷകൾ കൈകാര്യം ചെയ്യൽ , ഡിസൈൻ തിങ്കിംഗ്, മൈക്രോപ്രോസസറുകളുപയോഗപ്പെടുത്തിയുള്ള രൂപകല്പനകൾ, റോബോട്ടിക്സ് , പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള തിങ്കിംഗ്ഹബ് , വിവിധ തരം കിറ്റുകൾ ഉപയോഗിച്ചുള്ള പ്രോട്ടോടൈപ്പുകൾ നിർമ്മിക്കൽ തുടങ്ങിയ സാങ്കേതിക വിദ്യാ നൈപുണികൾക്ക് വഴിയൊരുക്കും.
ഇന്റർനെറ്റിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന മറ്റു സേവനങ്ങൾ , ഉത്പന്നങ്ങൾ എന്നിവയെല്ലാം നൂതന – ഭാവി സാങ്കേതികവിദ്യയിൽ അധിഷ്ടിതമാണെന്നിരിക്കെ ഭാവിയിലെ സാധ്യതകളെ നേടിയെടുക്കാൻ വിദ്യാർത്ഥികളെ ഇവിടെ പ്രാപ്തരാക്കുമെന്ന് ജില്ലാ കളക്ടർ എസ്. സാംബശിവറാവു അറിയിച്ചു. ജില്ലയിലെ ഒരു ലക്ഷം വിദ്യാർത്ഥികളെ പ്രോഗ്രാമിങ്, കോഡിങ് ഭാഷകൾ കൈകാര്യം ചെയ്യാൻ പഠിപ്പിക്കുക, ആശയങ്ങളും പ്രോട്ടോടൈപ്പുകളും വിസിപ്പിക്കാൻ പഠിപ്പിക്കുക, ജില്ലയെ കുട്ടികളുടെ നൂതന സാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
എഡ്യൂ മിഷൻ പദ്ധതിയുടെ ഭാഗമായ നൈപുണ്യ വികസന പരിപാടികൾക്ക് വിദ്യാഭ്യാസ വകുപ്പിനൊപ്പം ചേർന്ന് നേതൃത്വം നൽകുന്നതും ഉപദേശങ്ങൾ നൽകുന്നതും ഐ.എസ്.ആർ.ഒ. മുൻ ഡയരക്ടർ ഇ.കെ. കുട്ടി, സ്റ്റാർട്ട് അപ്പ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് റിയാസ്, ഡോ.ഷാഹിൻ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), അജയൻ കാവുങ്കൽ, ഡോ.സുചിത് , ഡോ.രവിവർമ്മ (എൻ.ഐ.ടി. കോഴിക്കോട്) മെഴ്സി പ്രഭ (അസാപ്പ്), യു.കെ.അബ്ദുന്നാസർ (ഡയറ്റ് കോഴിക്കോട്), ഷജിൽ (യു കെ. ജി ജി എച്ച് എസ് എസ് ബാലുശ്ശേരി) എന്നിവരടങ്ങിയ എഡ്യൂമിഷൻ സ്കീൽ കോർ ടീം അംഗങ്ങളാണ്. ജില്ലാ നിർമ്മിതി കേന്ദ്രമാണ് ലാബ് രൂപകല്പന ചെയ്യുന്നതും ഉപകരണങ്ങൾ ലഭ്യമാക്കുന്നതും.