എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് ഐഡിയ ലാബ്

എല്‍.ബി.എസ് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം പൂജപ്പുരയിലെയിലെയും കാസർകോട്ടെയും എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജുകൾക്ക് കേന്ദ്ര സര്‍ക്കാരിന്റെ ‘ഐഡിയ ലാബ് ‘ അനുവദിച്ചു.

വളരെ ചുരുക്കം കോളേജുകള്‍ക്ക് മാത്രം ലഭിക്കുന്ന ഈ പദ്ധതിയില്‍ എല്‍.ബി.എസ് കോളേജുകള്‍ ഉള്‍പ്പെട്ടത് ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവുകൊണ്ടുമാത്രമാണ്. നിലവില്‍ അര്‍ഹമായ എല്ലാ പ്രോഗ്രാമുകള്‍ക്കും എന്‍.ബി.എ അക്രഡിറ്റേഷന്‍ ലഭിച്ച എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജുകള്‍ ഗവേഷണ രംഗത്തും അക്കാഡമിക രംഗത്തും ഏറെ മുന്നിലാണ്.

മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന 5000 ചതുരശ്ര അടി വിസ്തൃതിയുള്ള ലാബാണ് ഐഡിയ സ്‌കീമിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. സാങ്കേതിക രംഗത്തുള്ള മാറ്റത്തിനനുസരിച്ച് വിദ്യാര്‍ത്ഥികളേയും ഗവേഷകരേയും നൈപുണ്യ വികസനത്തിലൂടെ തൊഴില്‍ നേടാനും സംരംഭകരാവാനും പ്രാപ്തരാക്കുകയാണ് ഐഡിയ ലാബിലൂടെ ലക്ഷ്യമാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മേക്ക് ഇന്‍ ഇന്ത്യയുടേയും ഭാഗമായാണ് പദ്ധതി നടപ്പിലാക്കപ്പെടുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി വര്‍ക്ക്‌ഷോപ്പുകളും ബൂട്ട് ക്യാമ്പുകളും ടെക്‌നിക്കല്‍ ഫെസ്റ്റിവല്‍സും നടത്തും. ഒരു കോടി രൂപയാണ് ഐഡിയ ലാബിനുള്ള ധനസഹായം. ഐഡിയ ലാബുവഴി ഈ രണ്ട് കോളേജുകളിലായി കൂടുതല്‍ സംരഭകരേയും സ്റ്റാര്‍ട്ടപ്പുകളെയും വാര്‍ത്തെടുക്കുമെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ ഡോ.എം അബ്ദുല്‍ റഹ്‌മാന്‍ അറിയിച്ചു.