ഹിന്ദുസ്‌ഥാൻ ഇ വി മോട്ടോർസ് ഇരുചക്രവാഹനങ്ങൾ പുറത്തിറക്കി

ലാൻഡി ലാൻസോ ഇലക്ട്രിക്ക് സൂപ്പർ ബൈക്കും സ്‌കൂട്ടറും സ്റ്റാർട്ടപ്പ് സംരംഭമായ ഹിന്ദുസ്‌ഥാൻ ഇ വി മോട്ടോർസ് കോർപ്പറേഷൻ പുറത്തിറക്കി. അതിവേഗ ചാർജിംഗ് സൗകര്യമുള്ള
ഈ ഇലക്ട്രിക് വാഹനങ്ങൾ വ്യവസായ മന്ത്രി പി.രാജീവും ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്ന് കൊച്ചിയിൽ അവതരിപ്പിച്ചു.

ഇന്ത്യയിലാദ്യമായി ഏറ്റവും പുതിയ ഇ വി സാങ്കേതികവിദ്യയാണ് ലാൻഡി ലാൻസോയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ സാധാരണയായി നേരിടുന്ന ചാർജിങ്ങിനായി എടുക്കുന്ന സമയം, രണ്ടോ മൂന്നോ വർഷങ്ങൾക്ക് ശേഷമുള്ള ബാറ്ററി റീപ്ളേസ്മെൻറ്, തീപിടുത്തം തുടങ്ങിയ ആശങ്കകൾ പരിഹരിച്ചാണ് ലാൻഡി ലാൻസോ ബൈക്കുകളും സ്‌കൂട്ടറുകളും വിപണിയിലെത്തുന്നത്.

എല്ലാ വൈദ്യുത വാഹനങ്ങളും നേരിടുന്ന പ്രധാന പോരായ്മകൾ പരിഹരിച്ച്  ഏറ്റവും മികച്ച സാങ്കേതികവിദ്യകളോടെയാണ് ലാൻഡി ലാൻസോ ഇസഡ് സീരീസ് ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ചിരിക്കുന്നതെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. വാഹൻ പരിവാഹൻ പോർട്ടലിലും ഇത് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവ ഏപ്രിൽ മുതൽ വിപണിയിൽ ലഭ്യമാകുമെന്ന് കോർപ്പറേഷൻ എം.ഡി.ബിജു വർഗ്ഗീസ് അറിയിച്ചു.

അമേരിക്കൻ കമ്പനിയായ ലാൻഡി ലാൻസോയുമായി സഹകരിച്ചാണ് ഹിന്ദുസ്‌ഥാൻ ഇ വി മോട്ടോഴ്‌സ് കോർപ്പറേഷൻ ഇരുചക്രവാഹനങ്ങൾ പുറത്തിറക്കുന്നത്. കൊച്ചിയിലെ നിർമ്മാണ യൂണിറ്റിൽ പ്രതിമാസം 850 മുതൽ 1500 വരെ വാഹനങ്ങൾ നിർമിക്കാനുള്ള ശേഷിയുണ്ട്. ഇലക്ട്രിക്ക് ബൈക്കിന് പുറമെ ഇലക്ട്രിക്ക് ബസ്, എസ്.യു.വി, മിനി കാർ നിർമാണ യൂണിറ്റും കേരളത്തിൽ സ്‌ഥാപിക്കും. ഇതിനായി 120 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *