നേവിയുടെ ഹെലികോപ്ടർ രക്ഷാദൗത്യം കാണികൾക്ക് ആവേശമായി
ബേപ്പൂർ കപ്പൽ ചാലിൽ കുടുങ്ങിയ ആളെ കമാൻഡോകൾ രക്ഷപ്പെടുത്തിയ അത്ഭുത ദൃശ്യം കണ്ട് ആളുകൾ കോരിത്തരിച്ചു. അവർ കരഘോഷം മുഴക്കി കമാൻ്റോകളെ എതിരേറ്റു.
ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ – 2 ൻ്റെ ഭാഗമായി നടന്ന നേവിയുടെ ഹെലികോപ്റ്റർ രക്ഷാദൗത്യം കാണികൾക്ക് ആവേശമായി. കൊച്ചിയിൽ നിന്ന് എത്തിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എ.എൽ.എച്ച് ഹെലികോപ്റ്ററാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കപ്പലുകൾ, മത്സ്യബന്ധന യാനങ്ങൾ തുടങ്ങിയവ അപകടത്തിൽപ്പെടുമ്പോഴും പ്രളയ സമാന സാഹചര്യങ്ങളിലും നടത്തുന്ന രക്ഷാപ്രവർത്തനത്തിനാണ് കാണികൾ സാക്ഷികളായത്. അമ്പതടിയോളം ഉയരത്തിൽ നിന്ന ഹെലികോപ്റ്ററിൽ നിന്ന് കയർ വഴി ആളിറങ്ങി അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതായിരുന്നു പ്രദർശിപ്പിച്ചത്. കൗതുകവും ആകാംഷയും നിറഞ്ഞ ഹെലികോപ്റ്റർ രക്ഷാദൗത്യം കാണാനായി മന്ത്രി പി. എ. മുഹമ്മദ് റിയാസും സന്നിഹിതനായിരുന്നു.