ഹരിത കർമ്മ സേന അംഗങ്ങൾ ഇനി ബൾബും റിപ്പയർ ചെയ്യും
ഉപയോഗിച്ചു കേടായ എല്‍.ഇ.ഡി. ബള്‍ബുകള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് ഹരിതകർമ്മ സേനാംഗങ്ങൾ കേടുപാട് തീർത്ത് നൽകും. ആലപ്പുഴയിലെ ദ്വീപ് പഞ്ചായത്തായ പെരുമ്പളത്തെ ഹരിതകര്‍മ്മസേന അംഗങ്ങളാണ് ബൾബ് നന്നാക്കുന്നതിൽ പരിശീലനം നേടിയത്. എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണം, റിപ്പയറിംഗ് എന്നിവയില്‍ രണ്ട് ദിവസത്തെ പരിശീലനമാണ് ഇവർക്ക് നല്‍കിയത്.
പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ പരിശീലനം ഉദ്ഘാടനം ചെയ്തു. തിരുത്തിക്കര റൂറല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സെന്റര്‍ ഡയറക്ടര്‍ പി.എ. തങ്കച്ചന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഇതിലൂടെ എല്‍.ഇ.ഡി. ബള്‍ബുകളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കാനും അതുവഴി വലിയതോതിലുള്ള മാലിന്യ നിര്‍മാര്‍ജനം സാധ്യമാക്കി ദ്വീപിനെ ഇ- വെയിസ്റ്റ് മുക്തമാക്കാനുമാണ് ലക്ഷ്യം.
2022-2023 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ എല്‍.ഇ.ഡി. ബള്‍ബ് റിപ്പയര്‍ ചെയ്യുന്ന എല്‍.ഇ.ഡി. ക്ലിനിക്കും സ്ഥാപിക്കും. പദ്ധതി വിപുലീകരിച്ച് പെരുമ്പളം ബ്രാന്റില്‍ എല്‍.ഇ.ഡി. ബള്‍ബ് നിര്‍മ്മാണ, റിപ്പയറിംഗ് യൂണിറ്റും ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.