ഭൂജലവിതാനം താഴുന്നു ; മഴവെള്ള സംഭരണികളെ ആശ്രയിക്കണം
കേരളത്തിൽ ഭൂജലവിതാനം താഴ്ന്നു വരുന്ന സാഹചര്യത്തിൽ മഴവെള്ള സംഭരണികളെ ആശ്രയിക്കേണ്ടതുണ്ടെന്ന് ഭൂജല ശിൽപ്പശാല ചൂണ്ടിക്കാട്ടി. തൃശ്ശൂർ ജില്ലാ ഭൂജല വകുപ്പിന്റെ നേതൃത്വത്തിൽ നൂതന ഭൂജല ഡാറ്റ ഉപയോഗവും ഉപഭോക്താക്കളും എന്ന വിഷയത്തിലാണ് ശിൽപ്പശാല നടന്നത്. സീനിയർ ഹൈഡ്രോ ജിയോളജിസ്റ്റും തൃശ്ശൂർ ജില്ലാ ഭൂജല വകുപ്പ് ഓഫീസറുമായ ഡോ.എൻ സന്തോഷ് വിഷയം അവതരിപ്പിച്ചു.
കുടിവെള്ള പദ്ധതികൾക്കായി കുഴൽക്കിണറുകളെ ഒഴിവാക്കി മഴവെള്ള സംഭരണികളെ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത ശില്പശാല മുന്നോട്ടുവെച്ചു. ഓരോ വർഷവും ജലനിരപ്പ് താഴ്ന്നു വരുന്നതായാണ് സർവ്വേ റിപ്പോർട്ട്. ഇത് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഉയർത്താൻ സാധിക്കുമെന്നും ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളെ കണ്ടെത്തി പരിഹാരം കാണാൻ ഡാറ്റാ ശേഖരണത്തിലൂടെ കഴിഞ്ഞുവെന്നും ശിൽപ്പശാലയിൽ അഭിപ്രായം ഉയർന്നു.
ജലവിഭവങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ട ആസൂത്രണത്തെക്കുറിച്ച് ശില്പശാലയിൽ വിശദീകരിച്ചു. ഭാവി തലമുറയ്ക്ക് ഉപകാരപ്രദമാകുന്ന സമഗ്ര വികസനമാണ് വകുപ്പ് ലക്ഷ്യം വെക്കുന്നത്. നാഷണൽ ഹൈഡ്രോളജി പ്രൊജക്ടിന്റെ നേതൃത്വത്തിൽ ജില്ലയിലെ ജലശക്തി അഭിയാൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ വകുപ്പുകൾക്കും ഹൈഡ്രോളജി ഡാറ്റ ഉപയോഗിക്കുന്ന അംഗങ്ങൾക്കുമായാണ് ശിൽപ്പശാലസംഘടിപ്പിച്ചത്.
തൃശ്ശൂർ ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന ശിൽപ്പശാല അഡീഷണൽ പോലീസ് സൂപ്രണ്ട് എ. ജി. ലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിങ്ങ് ഓഫീസർ എൻ. കെ. ശ്രീലത അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി. ഡി. സിന്ധു, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ എം. കെ. ഉഷ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. എസ്. കൃപകുമാർ, സോയിൽ സർവ്വേ അസി. ഡയറക്ടർ തോമസ് അനീഷ് ജോൺസൺ ഹൈഡ്രോജിയോളജിസ്റ്റ് കെ. ലീന തുടങ്ങിയവർ പങ്കെടുത്തു.