ജില്ലകളില്‍ കക്കൂസ് മാലിന്യ സംസ്‌ക്കരണപ്ലാന്റുകള്‍ നിര്‍മ്മിക്കും- മുഖ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്‌ക്കരണ
പ്ലാന്റുകള്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടതായും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം മറൈന്‍ഡ്രൈവില്‍ ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി-ജിഇഎക്‌സ് കേരള 23-ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്യരഹിത സംസ്ഥാനമായി മാറിയെങ്കിലും കക്കൂസ് മാലിന്യ സംസ്‌ക്കരണത്തിനുള്ള സൗകര്യമൊരുക്കുന്നതില്‍ പോരായ്മയുണ്ട്. തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകളിലും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലും മാത്രമാണ് നിലവില്‍ കക്കൂസ് മാലിന്യ സംസ്‌ക്കരണ സംവിധാനമുള്ളത്. അതും വേണ്ടത്ര പര്യാപ്തമല്ല. സ്ഥല ലഭ്യതയാണ് ഇതിനൊരു പ്രധാന വെല്ലുവിളി.

പ്ലാന്റുകള്‍ വരുന്നതുകൊണ്ട് പ്രത്യേകമായി ഒരു ആപത്തും വരാനില്ല. പ്ലാന്റുകള്‍ അല്ല മാലിന്യമാണ് തകരാര്‍. മാലിന്യം സംസ്‌ക്കരിക്കാതിരുന്നാല്‍ നമ്മുക്ക് തന്നെയാണ് അതിന്റെ ദോഷം. അത് മനസിലാക്കി മാലിന്യസംസ്‌ക്കരണത്തില്‍ മുന്‍കൈയെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും മാലിന്യസംസ്‌ക്കരണത്തില്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റംവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തെ വൃത്തിയുളള സംസ്ഥാനമാക്കുന്നതിനായി കാമ്പയിന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുകയാണ്. 2025നകം നമ്മുടെ നാടിനെ എല്ലാരീതിയിലും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. അതിബൃഹത്തായ ക്യാമ്പയിനാണ് ആരംഭിക്കുന്നത്. മാലിന്യം ശേഖരിക്കുക, സംസ്‌ക്കരിക്കുക, അതിനുള്ള സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുക. അതോടൊപ്പം ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുത്താനുതകുന്ന പ്രവര്‍ത്തനങ്ങളും ഉണ്ടാകും. കുട്ടികളെ ഈ ക്യാമ്പയിനിന്റെ ചാലകശക്തിയായി മാറ്റാനാകുന്ന പ്രവര്‍ത്തനങ്ങളും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ മികച്ച മാലിന്യനിര്‍മാര്‍ജ്ജന പദ്ധതികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ‘പുട്ടിങ് വേസ്റ്റ് ടു വര്‍ക്ക്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ ടി.ജെ. വിനോദ്, കെ.ജെ മാക്സി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍മാരായ എച്ച്.ദിനേശന്‍, അരുണ്‍ കെ.വിജയന്‍, കെ.എസ്.ഡബ്ല്യു.എം.പി പ്രോജക്ട് ഡയറക്ടര്‍ ഡോ.അദീല അബ്ദുള്ള, കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ഫെബ്രുവരി ആറുവരെയുള്ള എക്സ്പോയുടെ ഭാഗമായി എക്‌സിബിഷന്‍, സെമിനാറുകള്‍, സംരംഭക സമ്മേളനം തുടങ്ങിയവ നടക്കും. അതിവിശാല പവലിയനുകളിലായി മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലൂന്നിയുള്ള അന്താരാഷ്ട്ര സാങ്കേതിക വിദ്യകളും യന്ത്രസംവിധാനങ്ങളും പരിചയപ്പെടുത്തുന്ന നൂറോളം സ്റ്റാളുകള്‍ പ്രദര്‍ശന നഗരിയിലുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *