ബഹിരാകാശ രംഗത്തെ അറിവുകൾ സമൂഹ പുരോഗതിക്ക് പ്രയോജനപ്പെടുത്തണം
ബഹിരാകാശ മേഖലയിലെ അറിവുകൾ അതിന്റെ പരിധികളിൽ മാത്രം ചുരുങ്ങാതെ പൊതുസമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ നടന്ന കെ-സ്‌പേസ് പാർക്കിന്റെ കോമൺ ഫെസിലിറ്റി സെന്ററിന്റെയും റിസർച്ച് ആന്റ് ഡെവലപ്മെന്റ് സെന്ററിന്റെയും ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
2021ലെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രകടനപത്രികയിൽ നൽകിയ ഒരു പ്രധാന വാഗ്ദാനം യാഥാർഥ്യമാകുന്നതിന്റെ ആദ്യചുവടുവെപ്പാണ് ഈ ശിലാസ്ഥാപനം. കോമൺ ഫെസിലിറ്റി സെന്ററും റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് നിലവിൽ ആരംഭിക്കുന്നത്.
കോമൺഫെസിലിറ്റി സെന്ററിനും റിസർച്ച് ആന്റ് ഡെവലപ്മെന്റ് സെന്ററിനുമായി 3.5 ഏക്കറിൽ 2 ലക്ഷം ചതുരശ്ര അടിയിൽ 244 കോടിയുടെ കെട്ടിടം നബാർഡിന്റെ സഹകരണത്തോടെയാണ് നിർമിക്കുക. 1962-ൽ തുമ്പയിൽ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിച്ചതോടെ തിരുവനന്തപുരം ബഹിരാകാശ രംഗത്തെ ശ്രദ്ധേയ നഗരമായി.
വി.എസ്.എസ്.സി, എൽ പി.എസ്. സി, ഐ. ഐ. എസ്. ടി, ബ്രഹ്‌മോസ് എയർസ്‌പേസ് തുടങ്ങി നിരവധി പ്രശസ്ത ബഹിരാകാശ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. സ്‌പേസ് പ്രതിരോധ മേഖലയിൽ തന്നെ രാജ്യത്തിന്റെ പ്രധാന ഇടപെടലുകൾ തിരുവനന്തപുരത്ത് നിന്നും നടക്കുന്നു.
തിരുവനന്തപുരത്തുള്ള ടെക്‌നോസിറ്റി ക്യാമ്പസിൽ സ്ഥാപിക്കപ്പെടുന്ന കെ-സ്‌പേസ് പാർക്ക്, ബഹിരാകാശ രംഗത്തെ വ്യവസായ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ ലക്ഷ്യമിടുന്നു. അവശ്യമായ വ്യാവസായിക ഉൽപ്പന്നങ്ങളുടെ വിതരണവും സംരഭകത്വവും പ്രോൽസാഹിപ്പിക്കുകയാണ് ലക്ഷ്യം. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായുണ്ട്- മുഖ്യമന്ത്രി പറഞ്ഞു
വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. എക്‌സ് പോ ഉദ്ഘാടനം മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. ഐ. എസ്. ആർ. ഒ – ഐ. ഐ. എസ്. യു. ഡയറക്ടർ ഇ. എസ്. പത്മകുമാർ, നബാർഡ് ചെയർമാൻ ഷാജി കെ. വി, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം.ഡി. സന്തോഷ് ബാബു, ഐ. ടി. ഇലക്ട്രോണിക്‌സ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു




















