കിൻഫ്ര പാർക്കില്‍ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിക്ക് തറക്കല്ലിട്ടു
തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻറ് വീഡിയോ പാർക്കിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമാണോദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിർവഹിച്ചു. രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ എട്ട് നിലകളിലായിട്ടാണ് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയ്ക്കായി പുതിയ കെട്ടിടം ഒരുങ്ങുന്നത്.
കേരളത്തിന്റെ വ്യവസായ മുന്നേറ്റത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കാൻ കിൻഫ്ര ഫിലിം ആൻ്റ് വീഡിയോ പാർക്കിലെ ഡിസൈൻ ഫാക്ടറിക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. 5,000 പേർക്ക് പ്രത്യക്ഷമായും 7,500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫാക്ടറി രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നൂറു കോടിയോളം രൂപയുടെ നിക്ഷേപം സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ചീഫ് സെക്രട്ടറിയും കിൻഫ്ര ചെയർമാനുമായ വി.പി ജോയ് മുഖ്യപ്രഭാഷണം നടത്തി.