ചാവക്കാട് ബീച്ചിൽ കടൽ ആസ്വദിക്കാൻ ഫ്ലോട്ടിംഗ് ബ്രിഡ്ജ്
ചാവക്കാട് ബീച്ചിലെത്തിയാൽ ഇനി കടലിലേക്ക് ഇറങ്ങി കടലിന്റെ മനോഹാരിത ആസ്വദിക്കാം. തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജനങ്ങൾക്കായി തുറന്ന് നൽകി.
സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്ക് നൂറ് മീറ്റര്‍ നീളത്തിലുള്ള ഫ്ലോട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ ഭംഗി ആസ്വദിക്കാം. ഇതിനാവശ്യമായ ലൈഫ് ജാക്കറ്റും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജനകീയ ടൂറിസത്തിന് കൂടുതൽ കരുത്ത് നൽകുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും ടൂറിസം മേഖലയിൽ ഇത്തരം നവീന ആശയങ്ങൾ ആവിഷ്കരിക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പററഞ്ഞു. ഫ്ലോട്ടിംഗ് ബ്രിഡ്ജ് തുറന്ന് നല്‍കുന്നതോടെ ചാവക്കാട് ബീച്ച് വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്‍.കെ.അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്മാന് കെ.വി. അബ്ദുള്‍ ഖാദർ വിശിഷ്ടാതിഥിയായിരുന്നു.
ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, ഗുരുവായൂര്‍ നഗരസഭ ചെയര്മാന് എം.കൃഷ്ണദാസ്, ചാവക്കാട് നഗരസഭ വൈസ് ചെയര്മാന് കെ.കെ. മുബാറക്, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.