എളുപ്പത്തിൽ ജലാശയങ്ങളിലെ പോളവാരാൻ ‘ഈസി കളക്ട് ‘
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിങ് കോളേജാണ് യന്ത്രം വികസിപ്പിച്ചത്
ജലാശയങ്ങളിലെ പോളവാരാനും ആഫ്രിക്കൻ പായൽ നീക്കാനും ഇതാ ‘ഈസി കളക്ട്’. കേരള കാർഷിക സർവകലാശാലയുടെ കോട്ടയം കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ‘ഈസി കളക്ട്’ ഉപകരണം കർഷകർക്കായി സമർപ്പിച്ചു. ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അധ്യക്ഷയായിരുന്നു. തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജാണ് ഈസി കളക്ട് വികസിപ്പിച്ചത്.
കാർഷികമേഖലയിലെ വിദഗ്ധ കൂടിയായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ മുന്നിട്ടു നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ചെലവുകുറഞ്ഞതും എളുപ്പത്തിൽ ഉപയോഗിക്കാനാവുന്നതുമായ പോളവാരൽ ഉപകരണം യാഥാർഥ്യമായത്. ജില്ലാ ഭരണകൂടവും ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജും കുമരകം കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായി നടത്തിയ ചർച്ചകളെത്തുടർന്നാണ് പോളവാരൽ ഉപകരണം സാധ്യമാക്കാനായത്.
ഈസി കളക്ട് ഉപയോഗിച്ച് മൂന്നുമുതൽ ആറു മീറ്റർ വരെ വീതിയുള്ള തോടുകളിൽനിന്ന് പോളയും പായലും അനായാസം നീക്കം ചെയ്യാം. എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന തരത്തിലുള്ള രൂപകൽപനയാണ് ഉപകരണത്തിന്റേത്. ഉന്നത നിലവാരമുള്ള സ്റ്റീലിൽ നിർമിച്ചിട്ടുള്ള യന്ത്രത്തിന് വിലയും താങ്ങാവുന്ന തരത്തിലാണ്. 3500-5500 രൂപയ്ക്ക് ഉൽപന്നം വിപണിയിൽ ലഭ്യമാക്കാനാകുമെന്നാണു കരുതുന്നത്. ഉപകരണത്തിന് പേറ്റന്റ് ഏർപ്പെടുത്തിയിട്ടില്ലാത്തിനാൽ യഥേഷ്ടം രൂപമാറ്റങ്ങൾ വരുത്തി വികസിപ്പിക്കാനുമാകും.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലുൾപ്പെടുത്തി കർഷകർക്കു ഉപകരണം ലഭ്യമാക്കുന്നതു പരിഗണിക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അജയൻ കെ. മേനോൻ, ധന്യ സാബു, സബിത പ്രേംജി, ബി.എൽ. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ഡി. ബിജുലാൽ, കുമരകം കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോഡിനേറ്റർ ഡോ. ജി. ജയലക്ഷ്മി, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത വർഗീസ്, കുടുംബശ്രീ ജില്ലാ കോഡിനേറ്റർ അഭിലാഷ് ദിവാകർ, തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. സുജ നായർ എന്നിവർ പ്രസംഗിച്ചു.