വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവ്വെ

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ – ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവ്വെ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും  തിരച്ചിൽ. ഉരുൾപൊട്ടലിൽ  പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കും.

എൻ.ഡി.ആർ.എഫ്, കെ – 9 ഡോഗ് സ്ക്വാഡ്, ആർമി കെ – 9 ഡോഗ് സ്ക്വാഡ്, സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ്, മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പ്, പോലിസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, തമിഴ്നാട് ഫയർ ആൻഡ് റസ്ക്യൂ, മെഡിക്കൽ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെൽറ്റ സ്ക്വാഡ്, നേവൽ, കോസ്റ്റ് ഗാർഡ്  തുടങ്ങിയ 11 സേനാ വിഭാഗങ്ങളിലെ 1264 പേരാണ് ആറ് മേഖലകളിലായി തിരിഞ്ഞ് അഞ്ച് ദിവസം  തിരിച്ചിൽ നടത്തിയത്.  പരിശോധനയിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തി.

പുഞ്ചിരി മട്ടം, മുണ്ടക്കൈ, ചൂരൽമല, വില്ലേജ് പരിസരം, സ്കൂൾ റോഡ് എന്നിവടങ്ങളിലായി 31 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചും പരിശോധന നടത്തി.  അപകടത്തിൽ കാണാതായവരെ കണ്ടെത്തുന്നതിന് ഫോട്ടോഗ്രാഫി ഫോൾഡറും മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത കുടുംബങ്ങളെയും പരിശോധിക്കും.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, ഒ.ആർ കേളു, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *